ഗാലറിയില്‍ ഇരുന്ന് കളി കാണുന്നവര്‍ ഒരിക്കലും കളിക്കളത്തിലെ വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കരുത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്കും ആ പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ക്കും കാര്യമായ ഒരു പങ്കും അവകാശപ്പെടാനില്ല. ഖദറില്‍ വിയര്‍പ്പ് പൊടിയാതെ പ്രസ്താവന ഇറക്കുന്നതല്ല പോരാട്ടമെന്നത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്. ഈ ഐതിഹാസിക സമരത്തിന്റെ ബുദ്ധികേന്ദ്രം തന്നെ, ”കേരളം വിട്ടാല്‍ ചെങ്കൊടി കാണില്ലെന്ന് ” നിങ്ങള്‍ കളിയാക്കുന്ന സി.പി.എം എന്ന പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയാണ്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.
ലോക ശ്രദ്ധ പിടിച്ചു പറ്റിയ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് ആകെ ആത്മവിശ്വാസം പകര്‍ന്നിരുന്നത്. ഈ മാര്‍ച്ച് സംഘടിപ്പിച്ചതും ആവശ്യങ്ങള്‍ ഭരണകൂടത്തെ കൊണ്ട് അംഗീകരിപ്പിച്ചിരുന്നതും കിസാന്‍സഭ തന്നെ ആയിരുന്നു. മോദി സര്‍ക്കാറിന്റെ വിവാദ കര്‍ഷക നിയമത്തിനെതിരെ കര്‍ഷക സംഘടനകളുടെ സംയുക്ത സമരവേദിയായ ”സംയുക്ത കിസാന്‍ മോര്‍ച്ച’ കെട്ടിപടുക്കുന്നതിലും നിര്‍ണ്ണായക പങ്കാണ് അഖിലേന്ത്യാ കിസാന്‍ സഭ വഹിച്ചിരുന്നത്. ആരൊക്കെ അതു മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും കര്‍ഷക സമൂഹം അത് ഒരിക്കലും മറക്കുകയില്ല.
ചെങ്കൊടിയുടെ സാന്നിധ്യം അത്രയ്ക്കും ശക്തമായാണ് സമരമുഖത്ത് ഉണ്ടായിരുന്നത്. ഇക്കാര്യം ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ പരസ്യമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ ഉള്ള സമരക്കാരെ അറസ്റ്റ് ചെയ്യാനും, സമരപന്തല്‍ പൊളിച്ചുമാറ്റാനും യു.പി പൊലീസ് ശ്രമിച്ചപ്പോള്‍, ആ നടപടിയെ ശക്തമായി ചെറുക്കാന്‍ അന്ന് രാജ്യസഭ എം.പി കൂടി ആയിരുന്ന കെ.കെ രാഗേഷ് ഉള്‍പ്പെടെയുള്ള കിസാന്‍സഭ നേതാക്കളാണ് സജീവമായി ഉണ്ടായിരുന്നത്. എം.പി എന്ന നിലയില്‍ കെ.കെ രാകേഷ് യു.പി ഉദ്യോഗസ്ഥരെ വിറപ്പിക്കുമ്പോള്‍ എ.സി റൂമില്‍ കിടന്നുറങ്ങുകയാണ് കോണ്‍ഗ്രസ്സ് ജനപ്രതിനിധികള്‍ ചെയ്തിരുന്നത്.
പി.കൃഷ്ണപ്രസാദ്, വിജു കൃഷ്ണന്‍ എന്നീ മലയാളികളും കര്‍ഷക സമരത്തിലെ മുന്നണി പോരാളികളാണ്. സി.പി.എം നേതാക്കള്‍ കൂടിയായ ഇവര്‍ മൂന്നു പേരും കര്‍ഷകര്‍ക്കൊപ്പം തന്നെ കഴിഞ്ഞാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തിരുന്നത്. നിരവധി തവണ അറസ്റ്റിലുമായിട്ടുണ്ട്. കൃഷ്ണപ്രസാദിന് പൊലീസിന്റെ ക്രൂരമായി മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതല ഏല്‍ക്കും വരെ കെ. കെ രാഗേഷും ഡല്‍ഹി അതിര്‍ത്തിയിലെ സമരമുഖത്ത് സജീവമായിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും സമരരംഗത്ത് ഇടവേള എടുക്കാതെ നിലയുറപ്പിച്ചവരാണ് മലയാളികളായ ഈ കമ്യൂണിസ്റ്റുകള്‍. 500ല്‍പ്പരം സംഘടനകള്‍ കിസാന്‍ സംയുക്ത മോര്‍ച്ചയിലുണ്ടെങ്കിലും ഡോ തോമസ് ഐസക്ക് ചൂണ്ടിക്കാട്ടിയതു പോലെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പങ്കാളിത്തവും സംഭാവനയും ഏറെ സവിശേഷം തന്നെയാണ്.
ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കിസാന്‍ സഭ സംഘങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാജസ്ഥാന്‍ ബോര്‍ഡറിലെ ഷാജഹാന്‍പൂര്‍ സമരകേന്ദ്രം ആംറാ റാമിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലെ കിസാന്‍ സഭയാണു നയിച്ചിരുന്നത്. ഹരിയാനയിലെ കിസാന്‍ സഭ പ്രവര്‍ത്തകരും മുഴുവന്‍ സമയവും സജീവമാണ്. കിസാന്‍ സമരവും സംയുക്ത ട്രേഡ് യൂണിയന്‍ സമരവും കോര്‍ത്തിണക്കുന്നതിന് നേതൃത്വം നല്‍കുന്നതും ഇടതുപക്ഷ നേതാക്കളാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഐക്യദാര്‍ഡ്യ സമരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മുന്‍കൈയെടുത്തിട്ടുള്ളതും കിസാന്‍ സഭ തന്നെയാണ്. കോവിഡിനെ പോലും വെല്ലുവിളിച്ചു നടത്തിയ ഈ കര്‍ഷക സമരം അന്താരാഷ്ട്ര മാധ്യമങ്ങളെ സംബന്ധിച്ചും ഒരു അത്ഭുതം തന്നെയാണ്. മോദി കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുമടക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഇതും വലിയ വാര്‍ത്തയായാണ് ഇപ്പോള്‍ മാറി കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ തിരിച്ചടി പേടിച്ചിട്ടാണ് മോദി പിറകോട്ട് പോയതെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം മുതലെടുപ്പ് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണ്. ഇതിനു വേണ്ടിയാണ് അദ്ദേഹം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളിലൂടെ ഷോ കാണിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അന്നും ഇന്നും കൂടുതല്‍ താല്‍പ്പര്യം. ഈ കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ്സ് കര്‍ഷക സംഘടനയുടെ പങ്ക് എന്തായിരുന്നു എന്നതും ഈ ഘട്ടത്തില്‍ രാജ്യം വിലയിരുത്തേണ്ടതുണ്ട്. സി.പി.എമ്മിന് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും കര്‍ഷക സമരങ്ങളെ നിയന്ത്രിക്കുന്ന രീതിയിലേക്കാണ് ആ പാര്‍ട്ടിയുടെ കര്‍ഷക സംഘടന ഇപ്പോള്‍ മാറിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ മാധ്യമങ്ങളിലൂടെ നടത്തുന്ന ‘പൊറാട്ടു’ നാടകമല്ലിത്. ഇക്കാര്യം കേന്ദ്രം ഭരിക്കുന്ന മോദിക്കും ശരിക്കും അറിയാം. ‘ഇടതുപക്ഷ തീവ്രവാദികള്‍’ കര്‍ഷക സമരത്തെ ഹൈജാക്ക് ചെയ്തു” എന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചത് ഉള്ളില്‍ ശരിക്കും ആശങ്ക ഉള്ളതു കൊണ്ടാണ്. സമരക്കാരെ തീവ്രവാദികള്‍ എന്നു ആക്ഷേപിച്ചാല്‍ ജനവികാരം എതിരാകുമെന്ന ഭരണകൂട കണക്കുകൂട്ടലുകളും സംയുക്ത കിസാന്‍ മോര്‍ച്ച പൊളിച്ചടുക്കിയിട്ടുണ്ട്.
ഒരു വര്‍ഷമല്ല എത്ര വര്‍ഷമായാലും വിവാദ നിയമം പിന്‍വലിക്കും വരെ കര്‍ഷകര്‍ സമരം തുടരുമെന്ന് ആര്‍.എസ്.എസിനും ഉറപ്പായിരുന്നു. അത്രയ്ക്കും ആസൂത്രിതമായാണ് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം നടത്തിയിരുന്നത്. നിരന്തരം സമരം ചെയ്ത് പരിചയമുള്ള കമ്യൂണിസ്റ്റു നേതാക്കളുടെ ഇടപെടലാണ് ഇതിനു ഏറെ സഹായകരമായിരുന്നത്. കേന്ദ്ര നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയതും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്. കര്‍ഷക സമരം 35 ദിവസം പിന്നിട്ടപ്പോള്‍ 2020 ഡിസംബര്‍ 31ന് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് ഈ നടപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. പിന്നീട് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്‍പ്പടെ ഈ മാതൃക പിന്തുടരേണ്ടി വന്നതും ഈ നാടു കണ്ട യാഥാര്‍ത്ഥ്യമാണ്.
500 ല്‍ പരം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന സംഘടനകളാണ് അഖിലേന്ത്യാ കിസാന്‍സഭയും ഭാരതീയ കിസാന്‍ യൂണിയനും.പഞ്ചാബില്‍ നിന്നു മാത്രം 11 ഇടതുപക്ഷ സംഘടനകളും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ പോക്കു പോയാല്‍ യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാന ഭരണങ്ങള്‍ മാത്രമല്ല കേന്ദ്രഭരണവും നഷ്ടമാകുമെന്ന തിരിച്ചറിവ് മോദിക്കും സംഘപരിവാര്‍ നേതൃത്വത്തിനും ഉണ്ടായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് പ്രധാനമന്ത്രി തന്നെ കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമത്തില്‍ നിന്നുള്ള പിന്മാറ്റം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘കോര്‍പ്പറേറ്റുകള്‍ക്ക് പണം നല്‍കാന്‍ മാത്രമേ കഴിയൂ പദവികള്‍ നല്‍കാന്‍ കഴിയുകയില്ല’ എന്നത് വൈകിയെങ്കിലും തിരിച്ചറിഞ്ഞത് നന്ന്. ആര് അധികാരത്തില്‍ വരണമെന്ന് ഈ നാട്ടിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് തീരുമാനിക്കുക. അതല്ലാതെ കോര്‍പ്പറേറ്റുകളല്ല.
രാജ്യം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങളില്‍ ഒന്നിനു കൂടിയാണ് ഇപ്പോള്‍ വിജയകരമായ പരിസമാപ്തി ഉണ്ടായിരിക്കുന്നത്. കര്‍ഷകരുടെ പോരാട്ട വീര്യത്തിനു മുന്നില്‍ തല കുനിച്ചാണ് മോദിയുടെ ഈ കീഴടങ്ങല്‍. പൗരത്വ നിയമഭേദഗതിയിലടക്കം കേന്ദ്രം കൊണ്ടുവന്ന നിയമങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ മുന്നില്‍ തോല്‍വി സമ്മതിച്ചത് ഇനി ചരിത്ര താളുകളില്‍ ചുവപ്പ് മഷിയാലാണ് അടയാളപ്പെടുത്തുവാന്‍ പോകുന്നത്. 2021 നവംബര്‍ 26നാണ് ഈ പോരാട്ടത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നത്.
ബി.ജെ.പി സര്‍ക്കാറുകളുടെ കൊടിയ മര്‍ദ്ദനങ്ങളെ അതിജീവിച്ചാണ് ഇത്രയും നാള്‍ വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടുന്ന കര്‍ഷകര്‍ സമരത്തില്‍ പങ്കാളികളായിരിക്കുന്നത്. അസുഖം പിടിച്ചും മറ്റും മരിച്ചവരടക്കം 700ല്‍ അധികം കര്‍ഷകരാണ് സമരത്തോടനുബന്ധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഞെട്ടിക്കുന്ന കണക്കുകളാണിത്. സമരം വിജയകരമായി അവസാനിക്കുന്ന ഈ ഘട്ടത്തില്‍ പോര്‍മുഖത്ത് പിടഞ്ഞു മരിച്ച ഈ ധീരന്‍മാര്‍ക്കും നല്‍കണം ഒരു ബിഗ് സല്യൂട്ട് … ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് തന്നെ പിന്‍വലിക്കുന്നതോടെയാണ് സമരം സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി അവസാനിപ്പിക്കുക. പാര്‍ലമെന്റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഒരു ഉറപ്പും കേന്ദ്രസര്‍ക്കാരില്‍ നിന്നും കര്‍ഷകര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
EXPRESS KERALA VIEW