കേന്ദ്ര സര്‍ക്കാരിന്‌റെ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തം. പഞ്ചാബില്‍ വ്യാഴാഴ്ച ബിജെപി നേതാക്കളുടെ വസതികള്‍ക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. ഇന്ന് ഗാന്ധിജയന്തി ദിനത്തില്‍ കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്ന എല്ലാപാര്‍ട്ടികളേയും സാമൂഹ്യമായി ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ പ്രതിജ്ഞയെടുക്കും. ഏകദേശം 250 കര്‍ഷകസംഘടന ഉള്‍പ്പെടുന്ന കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ബഹിഷ്‌കരണം.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ സമരം കൂടുതല്‍ തീവ്രമായി. പഞ്ചാബില്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞുള്ള സമരം 21 കേന്ദ്രത്തിലേക്കുകൂടി വ്യാപിപ്പിച്ചു. പെട്രോള്‍ പമ്പുകള്‍, ടോള്‍ പ്ലാസകള്‍ എന്നിവയ്ക്കു മുന്നിലും കര്‍ഷകര്‍ ഉപരോധസമരമാരംഭിച്ചു.
വിവിധ കര്‍ഷകസംഘടനകള്‍ക്കു പുറമെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അകാലിദളും കാര്‍ഷികവിഷയങ്ങള്‍ ഉയര്‍ത്തിയുള്ള സമരം ശക്തിപ്പെടുത്തി. സംസ്ഥാനത്തിന്റെ മൂന്ന് കേന്ദ്രത്തില്‍നിന്ന് തലസ്ഥാനമായ ചണ്ഡീഗഢിലേക്ക് അകാലിദള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. നഗരാതിര്‍ത്തിയില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു.