കൊച്ചി: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലാണ് സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഈശ്വര്‍, പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവരാണ്. കൊച്ചിയില്‍ അന്തരാഷ്ട്ര ഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. പലയിടങ്ങളിലും വാഹനങ്ങള്‍ തടയുകയും ചെയ്തു.
സ്ത്രീകളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശബരിമലയില്‍ ഹൈന്ദവ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം.