നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. ദില്ലിയുടെ അതിര്‍ത്തികളില്‍ സമരം തുടരും. സുപ്രീം കോടതി വിധി പരിശോധിക്കും. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതികരിച്ചു. അതേ സമയം വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കോര്‍ കമ്മറ്റി യോഗം ചേരും. നാളെ 12 മണിക്ക് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. നിയമത്തിനെതിരെ കര്‍ഷക സംഘടനകള്‍ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

Top