കര്‍ഷക സമരം; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ വ്യാഴാഴ്ച്ച മുതല്‍ ഉപരോധ സമരത്തിന് തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് എത്തണമെന്ന് കൃഷി മന്ത്രി പറഞ്ഞു.

എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച. അതേസമയം പാര്‍ലമെന്റ് ഉപരോധം സംബന്ധിച്ച് ദില്ലി പൊലീസ് കര്‍ഷക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് ചര്‍ച്ച നടത്തും. ദില്ലി പൊലീസ് ജോ. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചക്കായി പൊലീസ് സംഘം കര്‍ഷകര്‍ സമരം നടക്കുന്ന സിംഘുവിലെത്തും.

അതീവ സുരക്ഷ മേഖലയായ പാര്‍ലമെന്റിന് മുന്നില്‍ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിലാണ് രാജ്പഥ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് പൊലീസ് കര്‍ഷകരെ അറിയിക്കും.

Top