ന്യൂഡൽഹി: ഡൽഹി അതിർത്തിയായ തിക്രിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി.
ഡല്‍ഹി അതിർത്തികളിലെ സമരം 75ാം ദിവസത്തിലേക്ക് കടക്കവെയാണ് തിക്രിയിൽ ഒരു കർഷകന്‍ കൂടി ആത്മഹത്യ ചെയ്തത്. അതേസമയം ട്രാക്ടർ റാലി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുമായുള്ള ധാരണ ലംഘിച്ചതിന് ആസാദ് കിസാൻ കമ്മിറ്റി – ദൗബ, ബി.കെ.യു ക്രാന്തികാരി എന്നീ സംഘടനകളെ സംയുക്ത കിസാന്‍ മോർച്ച സസ്പെന്‍ഡ് ചെയ്തു.
അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം പൂർണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചിരുന്നു.