ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളിയായ മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അടക്കമുള്ളവയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള. 2019 ഓഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സഖ്യം. ഫാറൂഖ് അബ്ദുള്ളയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.
പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ലക്ഷ്യമിടുന്ന കശ്മീരിലെ മുഖ്യധാരാ പാര്‍ട്ടികളുടെ സഖ്യമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം എന്നിവയാണ് സഖ്യത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജാദ് ലോണ്‍, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ജാവെയ്ദ് മിര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.