തലശേരി: എൻഡിഎഫ് പ്രവർത്തകനായ ഫസൽ വധക്കേസിൽ ഉണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലിനു പിന്നിൽ സംഘ്പരിവാർ അജണ്ടയെന്ന് ഫസൽ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കാരായി രാജൻ.
ഫസൽ വധക്കേസിൽ റിട്ട. ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ ശരിയല്ല. കൊലപാതകത്തിൽ കുപ്പി സുബീഷ് ഉൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകരുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ച സിപിഎം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ മൃഗീയമായി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഫസൽ വധക്കേസിൽ വാസ്തവവിരുദ്ധമായ പ്രസ്താവനയുമായി റിട്ട. ഡിവൈഎസ്പി രാധാകൃഷ്ണൻ രംഗത്തുവന്നിട്ടുള്ളത്.
ബാബുവിന്റെ കൊലപാതകവും രാധാകൃഷ്ണന്റെ വെളിപ്പെടുത്തലും കൂട്ടിവായിക്കേണ്ടതാണ്. കൃത്യമായ ഗൂഢാലോചന ഇതിനുപിന്നിലുണ്ട്. ഇതുസംബന്ധിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണം- കാരായി രാജൻ ആവശ്യപ്പെട്ടു. രാധാകൃഷ്ണനും സംഘ്പരിവാർ നേതാക്കളും പലതവണ ഫസൽ കേസുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും കാരായി രാജൻ ആരോപിച്ചു.