കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമാണുള്ളത്. എംഎല്‍എ എന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
അറുപതോളം സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തു. നിക്ഷേകര്‍ക്കുള്ള കരാര്‍ ആണ് തെളിവുകളായി ലഭിച്ചിരിക്കുന്നത്. മാസം തോറും ലാഭവിഹിതം നല്‍കാമെന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടാല്‍ പണം തിരികെ നല്‍കാമെന്നും കരാറില്‍ പറയുന്നു. എന്നാല്‍ കരാറില്‍ എഴുതിയ പ്രകാരം നടപടികളുണ്ടായിട്ടില്ല. ഇതുപ്രകാരം വഞ്ചനാക്കുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസവഞ്ചനയ്ക്ക് ഐപിസി 406 പ്രകാരവും പൊതുപ്രവര്‍ത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നത് പ്രകാരവും ഖമറുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസില്‍ എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ.യെ ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷനിലെ മൂന്നു കേസുകളിലാണ് നിലവില്‍ അറസ്റ്റ്.