Fatehabad SP transferred after spat with BJP minister Anil Vig

ഫത്തേഗബാദ്: ഹരിയാനയില്‍ സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജുമായി വഴക്കിട്ട വനിതാ എസ്.പി സംഗീത കാലിയയെ സ്ഥാനത്ത് നിന്ന് നീക്കി.

അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് അനില്‍ വിജ് ചെയര്‍മാനായ പരാതി പരിഹാര സമിതിയില്‍ വച്ച് എസ്.പിയും മന്ത്രിയും തമ്മില്‍ വാക്കോറ്റമുണ്ടാവുകയും തുടര്‍ന്ന് മന്ത്രി ഇറങ്ങിപ്പോവുകയുമാണ് ഉണ്ടായത്.

അനധികൃത മദ്യവില്‍പ്പന തടയുന്നതില്‍ പൊലീസ് അലംഭാവം കാണിയ്ക്കുകയാണെന്ന അനില്‍ വിജിന്റെ ആരോപണമാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിലേയ്ക്ക് നയിച്ചത്.

നിയമവിരുദ്ധമായ മദ്യവില്‍പ്പന തടയുന്നതില്‍ ജില്ലയില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും അനില്‍ വിജ് ആരോപിച്ചിരുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാണിച്ച് സംഗീത ഇതിനെ ഖണ്ഡിയ്ക്കാന്‍ ശ്രമിച്ചെങ്കിലും തൃപ്തനാകാതെ സംഗീതയോട് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്നതില്‍ ക്രുദ്ധനായ മന്ത്രി തന്നെ വേദി വിട്ടിറങ്ങുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്ന പരിപാടിയില്‍ അപ്രതീക്ഷിതമായി വാക്കേറ്റമുണ്ടായതും മന്ത്രി ഇറങ്ങിപ്പോയതും നാഷണല്‍ ചാനലുകളടക്കം തല്‍സമയം വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായിരിക്കുകയാണ്.

Top