പാക്കിസ്ഥാനു നല്‍കിയ സമയം അവസാനിക്കുന്നു: ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനം

ഇസ്‌ലാമബാദ്: തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ ‘ഗ്രേ ലിസ്റ്റില്‍’ തന്നെ നിലനിര്‍ത്താന്‍ രാജ്യാന്തര സമിതിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) തീരുമാനം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന് എഫ്എടിഎഫ് വീണ്ടും മുന്നറിയിപ്പു നല്‍കി. പാരീസില്‍ വെള്ളിയാഴ്ച അവസാനിച്ച എഫ്എടിഎഫ് സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്.

ഭീകരര്‍ക്കെതിരായ നടപടികളുടെ ആസൂത്രണം ജൂണ്‍ മാസത്തോടെയെങ്കിലും പാക്കിസ്ഥാന്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണു എഫ്എടിഎഫിന്റെ മുന്നറിയിപ്പ്. ഭീകരര്‍ക്കു സഹായങ്ങള്‍ നല്‍കുന്നതു പരിശോധിക്കാന്‍ പാക്കിസ്ഥാനു നല്‍കിയ സമയപരിധികളെല്ലാം അവസാനിച്ചു. എന്നാല്‍ നിശ്ചിത സമയത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായും എഫ്എടിഎഫ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ ‘ഗ്രേ ലിസ്റ്റില്‍’ തുടരുന്നതിനാല്‍ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍നിന്നും രാജ്യത്തിനു സാമ്പത്തിക സഹായം ലഭിക്കുന്നതു ബുദ്ധിമുട്ടിലാകും.

Top