മധുരൈ: എരിക്കിന്‍ പാല്‍ കൊടുത്ത് നാല് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന പിതാവും മുത്തശ്ശിയും അറസ്റ്റില്‍. കുട്ടിയുടെ പിതാവ് തവമണി (33), ഇയാളുടെ മാതാവ് പാണ്ടിയമ്മാള്‍ (57) എന്നിവരാണ് അറസ്റ്റിലായത്. മധുരൈ ജില്ലയിലെ സോളവന്ദനത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം.
നാലാമതും പെണ്‍കുഞ്ഞായതിന്റെ നിരാശയിലാണ് ഇവര്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഈ സമയം കുട്ടിയുടെ മാതാവ് വീട്ടിലില്ലായിരുന്നു. ഉറക്കത്തില്‍ കുട്ടി മരിച്ചു എന്നാണ് ഇവര്‍ ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നഴ്‌സിനെ വിളിച്ച് പരിശോധിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍, മരണത്തിലെ അസ്വാഭാവികത കാണിച്ച് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. എരിക്കിന്‍ പാല്‍ നല്‍കിയശേഷം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇവര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞദിവസം പൊലീസ് പുറത്തെടുത്ത് പരിശോധന നടത്തി.
തമിഴ്‌നാടിന്റെ ഗ്രാമീണ മേഖലകളില്‍ എരിക്കിന്‍ പാല്‍ നല്‍കി പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നത് വ്യാപകമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഉസിലാംപെട്ടിയില്‍ സമാനസംഭവം അരങ്ങേറിയിരുന്നു.