കളമശേരി: വീട്ടില്‍ കയറി മര്‍ദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയതായി പരാതി. പരുക്കേറ്റു റോഡില്‍ വീണ മകനെ പൊലീസെത്തി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ സജിക്കാണ് (45) പരുക്കേറ്റത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പിതാവ് അബൂബക്കറിനെ (70) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജിയുടെ മൊഴിയില്‍ അബൂബക്കറിനെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 10.30ന് എച്ച്എംടി റോഡിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും തമ്മില്‍ സ്വത്തു സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അബൂബക്കര്‍ താമസിക്കുന്ന എച്ച്എംടി കോളനിയിലെ വീട്ടില്‍ സജി ആയുധവുമായെത്തി രാവിലെ ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറുമായി വാക്കേറ്റവും കയ്യേറ്റവും നടത്തുകയും ചെയ്തു. ഇതിനിടയിലാണ് അബൂബക്കറിനു മര്‍ദനമേറ്റത്.
തുടര്‍ന്ന് സജി ബൈക്കില്‍ തിരികെ പോയി. കാറുമായി പുറത്തേക്കു പോയ അബൂബക്കറിന്റെ കാറിനു മുന്നില്‍ തോഷിബ ജംക്ഷന്‍ മുതല്‍ സജി ബൈക്ക് വട്ടം വച്ചു പ്രകോപനമുണ്ടാക്കിയെന്നു പറയുന്നു. തുടര്‍ന്ന് ഐടിഐക്കു മുന്നിലാണ് കാര്‍ ബൈക്കില്‍ ഇടിച്ചത്.