പാട്ന: ബിഹാറിൽ യുവാവ് ഒൻപതു വയസ്സുള്ള മകനെ തല്ലിക്കൊന്നു. കൂട്ടുകാരനൊപ്പം കറങ്ങിനടന്നതിൻ്റെ പേരി ലാണ് കൊലപാതകം. ബിഹാറിലെ മലാഹിപക്ടി എന്ന ചേരിപ്രദേശത്താണ് സംഭവമുണ്ടായത്. മരിച്ച കുട്ടിയുടെ മൂത്ത സഹോദരി കുട്ടിയുടെ മൃതദേഹം കണ്ടതോടെയാണ് കൊലപാതക വിവരം മറ്റുള്ളവര്‍ അറിഞ്ഞത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നമൻ എന്നു പേരുള്ള ഒൻപതുകാരനാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെയാണ് നമൻ്റെ മൂത്ത സഹോദരി മൻവി മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ പിതാവായ വിജയ് ലാൽ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി കുട്ടി ഒരു സുഹൃത്തിനൊപ്പം കറങ്ങാൻ പോയിരുന്നു. ഇതിൽ ദേഷ്യത്തിലായിരുന്ന പിതാവ് കുട്ടി വീട്ടിൽ തിരിച്ചെത്തിയ ഉടൻ കൈയ്യും കാലും കൂട്ടി കെട്ടിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മണിക്കൂറുകളോളം തല്ലിച്ചതച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ ബോധം നശിച്ച കുട്ടി മരിക്കുകയായിരുന്നു.