രണ്ട് പെൺമക്കളെ ട്രക്ക് കയറ്റി കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ പൂനയിലെ മാവല്‍ താലൂക്കിലെ ഇന്ദൂരി ഗ്രാമത്തിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ 40 കാരന്‍ ഭരത് ബരാട്ടെയാണ് മക്കളെ നിര്‍ബന്ധിച്ച് റോഡില്‍ കിടത്തി ട്രക്ക് കയറ്റി കൊന്നതിന് ശേഷം അതേ ട്രക്കിന് മുന്നില്‍ കയറി നിന്ന് ആത്മഹത്യ ചെയ്തത്. 18കാരിയായ നന്ദിനി, 14 കാരി വൈഷ്ണവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയോടും ഇളയമകളോടും റോഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇളയ മകള്‍ ഇറങ്ങിയോടുകയും മകളെ പിടിക്കാന്‍ ഭാര്യ പിറകെ ഓടുകയും ചെയ്തതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു.
നന്ദിനി, തന്‍റെ കാമുകനോട് ഫോണിൽ സംസാരിക്കുന്നത് കണ്ടതാണ് ഭരതിനെ പ്രകോപിച്ചത്. തുടര്‍ന്ന് അദ്ദേഹം നന്ദിനിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. നന്ദിനിയുടെ പ്രണയത്തിന് വൈഷ്ണവി പിന്തുണ കൊടുക്കുന്നു എന്നറിഞ്ഞതാണ് വൈഷ്ണവിയെയും കൊലപ്പെടുത്താന്‍ കാരണമായത്. നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഇന്ദൂരി ഗ്രാമം.
ആത്മഹത്യാകുറിപ്പില്‍ ഭാര്യയെ കൊണ്ടും ഭരത് ഒപ്പുവെച്ചിട്ടുണ്ട്. ബന്ധുക്കളോട് എല്ലാം ക്ഷമ ചോദിച്ചിട്ടുമുണ്ട്. തങ്ങളുടെ സ്വത്തുക്കളെ കുറിച്ചുളള വിവരങ്ങളും കുറിപ്പില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭരതിന്‍റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മകള്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടെന്നും അത് തന്നെ ദേഷ്യം പിടിപ്പിച്ചതാണ് കൊലയ്ക്ക് കാരണമെന്നും അതില്‍ എഴുതിയിട്ടുണ്ട്. മൂന്ന് പെണ്‍മക്കളോടും ഭാര്യയോടും ട്രക്കിന് മുന്നിലായി റോഡില്‍ കിടക്കാന്‍ ആവശ്യപ്പെടുകയും ഭരത് ആക്സിലേറ്റര്‍ കൂട്ടി ട്രക്കില്‍ നിന്ന് മുന്നോട്ട് ചാടുകയുമായിരുന്നു. പക്ഷേ അതിനിടയില്‍ ഇളയമകള്‍ പെട്ടെന്ന് എഴുന്നേറ്റ് ഓടുകയും അവളെ പിടിക്കാന്‍ ഭാര്യ പിറകെ ഓടുകയും ചെയ്തതോടെയാണ് ഇരുവരും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മുന്നോട്ട് നീങ്ങിയ ട്രക്ക് മതിലിലും തെരുവുവിളക്കിലും ഇടിച്ചാണ് പിന്നീട് നിന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.