ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ പിതാവ് കാപ്പി വ്യവസായത്തിലെ പ്രമുഖനായിരുന്ന ഗംഗയ്യ ഹെഗ്ഡെ(96) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെനാളായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. വി.ജെ. സിദ്ധാര്‍ഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക.
വി.ജെ. സിദ്ധാര്‍ഥയുടെ മരണവിവരം പോലും അറിയാതെയാണ് ഗംഗയ്യ ഹെഗ്ഡെയുടെ വിയോഗം. ജൂലായ് 29-ന് കാണാതായ വി.ജെ. സിദ്ധാര്‍ഥയുടെ മൃതദേഹം ജൂലായ് 31-ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ചിക്കമംഗളൂരുവില്‍ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഗംഗയ്യ ഹെഗ്ഡെ. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.