ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛന്‍ ആസിഡ് ഒഴിച്ചു; അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കോട്ടയം പാലായില്‍ മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡ് ഒഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡ് ഒഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാന്‍ പോയി. പിന്നീടാണ് ഗോപാലകൃഷ്ണന്‍ ആസിഡ് ഷിനുവിന്റെ ദേഹത്തൊഴിച്ചത്. എവിടെ നിന്നാണ് ഇയാള്‍ക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല.

സംഭവത്തിന് പിന്നാലെ സ്‌കൂട്ടറെടുത്ത് ഗോപാലകൃഷ്ണന്‍ ഒളിവില്‍ പോയി. പൊലീസ് പിന്നീട് മഫ്തിയില്‍ നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Top