ന്യൂഡല്‍ഹി: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നലില്‍ സുരക്ഷിതനാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയതായി കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യയുടെ (സിബിസിഐ)വക്താവ്അറിയിച്ചു.
സിബിസിഐയുടെ അഞ്ചു പ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നുവെന്നും ഫാദര്‍ ടോം ജീവിച്ചിരിപ്പില്ല എന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയതായി സംഘടനയുടെ വക്താവായ ഫാദര്‍ ഗ്യാന്‍പ്രകാശ് ടോപ്പ്‌നോയാണ് അറിയിച്ചത്. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറവിടാനാകില്ലയെന്നും മന്ത്രി പ്രതിനിധികളോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
യമനിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞമാസമാണ് കേരളീയനായ ഫാദര്‍ ടോം ഉഴുന്നലിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. മദര്‍ തെരേസയുടെ മിഷണറീസ് ഒഫ് ചാരിറ്റി നടത്തിവന്ന വൃദ്ധസദനത്തില്‍ ഐഎസ് നടത്തിയ ആക്രമണത്തിന് ശേഷമാണ് ഫാദറിനെ കാണാതാകുന്നത്. സദനത്തിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയതിനു ശേഷം മറ്റ് പതിനഞ്ച് ജീവനക്കാരെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഒരു ഇന്ത്യന്‍ കന്യാസ്ത്രീ ഉള്‍പ്പെടെ നാലു വിദേശ കന്യാസ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.