ഭീകരരില്‍ നിന്നും മോചനം നേടിയ ഫാ.ടോം ഉഴുന്നാലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

റോം: ഭീകരരുടെ തടവില്‍നിന്നു മോചനം നേടിയ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ബുധനാഴ്ച വൈകിട്ട് ആറിന് വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ഫാദര്‍ ടോമിനൊപ്പം സലേഷ്യന്‍ സഭാ പ്രതിനിധികളുണ്ടായിരുന്നെന്നും സലേഷ്യന്‍ ന്യൂസ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റിയെന്നും തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ മോശമായ പെരുമാറ്റം നടത്തിയില്ലെന്നും റോമില്‍ മാധ്യമങ്ങളെകണ്ട ഫാ. ഉഴുന്നാലില്‍ പ്രതികരിച്ചു.

ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്‌കറ്റില്‍ എത്തിയത്. മസ്‌കറ്റില്‍ നിന്നും പ്രത്യേക വിമാനത്തില്‍ റോമിലേക്ക് പോവുകയായിരുന്നു. അദ്ദേഹം റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ റോമില്‍ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് അദ്ദേഹം തുടരുകയാണ്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് പാലാ രാമപുരം സ്വദേശിയും സലേഷ്യന്‍ സന്യാസ സഭാംഗവുമായ ഫാ. ടോമിന്റെ മോചനം സാധ്യമായത്. അമ്പത്തിയേഴുകാരനായ ഫാ. ടോമിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വിദഗ്ധ പരിശോധന ആവശ്യമായേക്കും.

Top