ന്യൂഡല്‍ഹി: യെമനിലെ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ കോട്ടയം സ്വദേശി ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം.
മോചനത്തിന് ശേഷം ടോം ഉഴുന്നാലില്‍ ഇന്ത്യന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടിട്ടില്ലെന്നും, നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞു.
യെമനിലെ ഏദനില്‍നിന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിലിനെ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് മോചിപ്പിക്കാനായത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ അദ്ദേഹം റോമിലേക്ക് പോയി.
ഫാദര്‍ അംഗമായ ബെംഗളൂരുവിലെ സെലേഷ്യന്‍ സഭാ വക്താക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിക്കും. ഏതാനും ദിവസം അവിടെ ചിലവഴിച്ചശേഷം കേരളത്തിലേക്ക് തിരിക്കുമെന്നാണ് സൂചന.