വെല്ലൂര്‍: ക്ലാസില്‍ ഒന്നാമതായാല്‍ വീട്ടില്‍ ശൗചാലയം നിര്‍മിക്കാമെന്ന് പറഞ്ഞിട്ട് വാക്കുപാലിക്കാതിരുന്ന അച്ഛനെതിരെ പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍. തമിഴ്‌നാട്ടിലെ അമ്പൂരിലുള്ള ഏഴു വയസുകാരിയാണ് അച്ഛനെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മയ്‌ക്കൊപ്പം എത്തിയ ഹാനിഫ സാറ വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പറഞ്ഞ വാക്ക് വാക്ക് പാലിക്കാത്ത അച്ഛനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുട്ടിയുടെ ആവശ്യം. അല്ലെങ്കില്‍ ശൗചാലയം നിര്‍മിക്കുമെന്ന് അച്ഛനില്‍ നിന്ന് എഴുതി വാങ്ങണമെന്ന് സബ് ഇന്‍സ്‌പെക്റ്റര്‍ വളര്‍മതിയോട് സാറ ആവശ്യപ്പെട്ടു. അച്ഛന്‍ ഇങ്ങനെ ഒരു വാക്ക് നല്‍കിയതിനെ തുടര്‍ന്ന് എല്‍കെജി മുതല്‍ സാറ നന്നായി പഠിച്ച് ക്ലാസില്‍ ഒന്നാമതെത്തി. എന്നാല്‍ അച്ഛന്‍ വാക്ക് പാലിക്കാതിരുന്നതോടെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.
എന്നാല്‍ ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അധ്യാപകരോട് പറഞ്ഞിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. അധ്യാപകരോട് പറയാന്‍ നാണമായിരുന്നെന്നും എന്നാല്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണ് പൊലീസിനെ സമീപിച്ചതെന്നും ഏഴു വയസുകാരി പറഞ്ഞു. അച്ഛനെതിരെ പൊലീസ് സ്റ്റേഷനില്‍ പോകുന്നതില്‍ നിന്ന് അമ്മ തന്നെ തടയാന്‍ ശ്രമിച്ചെന്നും എന്നാല്‍ നിര്‍ബന്ധം പിടിച്ചതോടെ പരാതി നല്‍കാന്‍ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടി പറയുന്നു.
പരാതിയുമായെത്തിയ കുട്ടിക്ക് സര്‍ക്കാര്‍ പദ്ധതിയിലൂടെ വീട്ടില്‍ ശൗചാലയം നിര്‍മിച്ചു നല്‍കാം എന്ന് പൊലീസ് വാക്ക് നല്‍കി. പരാതി നല്‍കി മടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം അമ്പൂര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഉടന്‍ ശൗചാലയം നിര്‍മിക്കുമെന്ന വാക്ക് നല്‍കി.