ചെന്നൈ: ഫാത്തിമ ലത്തിഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിക്കുന്നുവെന്ന് മദ്രാസ് ഐഐടി. വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ഫാത്തിമയുടെ മരണത്തെക്കുറിച്ച് പരിശോധിക്കുന്നത് ആലോചിക്കും. വിദ്യാര്‍ത്ഥികള്‍ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനാണ് അധികൃതരുടെ മറുപടി. എന്നാല്‍ മറുപടിയില്‍ പൂര്‍ണ തൃപ്തരല്ലെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി.
ഫാത്തിമയുടെ മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആഭ്യന്തര അന്വേഷണം ഐഐടി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഒരു വിഭാഗം ഐഐടി വിദ്യാര്‍ത്ഥികള്‍ ഭാഗമായ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലണ് അന്വേഷണം എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് മദ്രാസ് ഐഐടി വഴങ്ങുന്നത്.
ഫാത്തിമയുടെ മരണത്തില്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ കമ്മീഷ്ണര്‍ ഓഫീസിലേക്ക് വിളിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരം.
ക്യാമ്പസിലെത്തി അന്വേഷണ സംഘം വീണ്ടും തെളിവെടുക്കും. പ്രതിപക്ഷം വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.ഫാത്തിമയുടെ കുടുംബം ഉന്നയിച്ച സംശയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് സരയൂ ഹോസ്റ്റിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.