ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

ന്യൂഡല്‍ഹി : മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. കൊല്ലം എം പി എം.കെ. പ്രേമചന്ദ്രനും കുടുംബത്തിനൊപ്പം പ്രധാനമന്ത്രിയെ കാണും.

അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ മാസം ഒമ്പതിനാണ് ഫാത്തിമയെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്. അതെ സമയംഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥരീകരിച്ചിരുന്നു.

ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്‌ക്രീന്‍ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്.

ഈ സ്‌ക്രീന്‍ഷോട്ടും, മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

Top