ചെന്നൈ : ഐഐടി മദ്രാസിൽ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറും.
അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കൊല്ലത്ത് എത്തി വിശദമായ പരിശോധന നടത്തും. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ഇതിനിടെ ഫാത്തിമയുടേത് തൂങ്ങിമരണമെന്ന എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്‌ഐആര്‍ പറയുന്നു.
മരിച്ച ദിവസം രാത്രി വിഷമിച്ചിരിക്കുന്നത് കണ്ടെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫാത്തിമയെ മരിച്ച നിലയില്‍ ആദ്യം കണ്ടത് അലീന സന്തോഷ് എന്ന വിദ്യാര്‍ഥിയായിരുന്നു. മരണം പോലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയായിരുന്നെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഫാത്തിമ മരിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാല്‍ സെക്രടറി ആര്‍.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രമേശ് പൊക്രിയാലുമായി കൂടിക്കാഴ്ച്ച നടത്തി.
സംഭവത്തെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വി. മുരളീധരന്‍ പറഞ്ഞു. അതേസമയം അന്വേഷണ സംഘം കൊല്ലത്തെത്തി മരിച്ച ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. കൂടാതെ ഫാത്തിമയുടെ ലാപ്ടോപ്പും ഐപാഡും പരിശോധനക്കായി ഏറ്റെടുക്കും. കേസില്‍ ആരോപണവിധേയരായ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകര്‍ ക്യാംപസ് വിട്ടു പോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.