ഫാത്തിമയുടെ കുടുംബം ചെന്നൈയിൽ ; തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും

ചെന്നൈ : മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ പിതാവ് ലത്തീഫും സഹോദരി ഐഷയും വീണ്ടും ചെന്നൈയിലെത്തി.

നിലവിൽ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെയും മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമിയുമായും നേരിട്ട് കൂടിക്കാഴ്ച നടത്താനും കുടുംബം ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകും.

ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കേരളത്തിലെ എംപിമാർക്കൊപ്പം കുടുംബം കണ്ടിരുന്നു. കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് പുറത്തിറങ്ങും എന്നാണ് അമിത് ഷാ ഫാത്തിമയുടെ പിതാവിന് നൽകിയ ഉറപ്പ്.

ഫാത്തിമയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക് പുറമേ ഏഴ് സഹപാഠികൾക്കും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് ആരോപിച്ചിരുന്നു.

ഫാത്തിമയുടെ മൊബൈൽ പരിശോധിച്ച ഫൊറൻസിക് വിഭാഗം ഫോണിൽ വാൾപേപ്പറായി ഇട്ടിരുന്ന ആത്മഹത്യ കുറിപ്പ് മരിയ്ക്കുന്നതിന് മുൻപ് ഫാത്തിമ തന്നെ എഴുതിയതാണെന്ന് കണ്ടെത്തി കോടതിയെ അറിയിച്ചിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം പിതാവ് ലത്തീഫ് മാധ്യമങ്ങളെ അറിയിച്ചത്.

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്.

Top