ഫാത്തിമാ ലത്തീഫിന്റെ മരണം: മൂന്ന് ഐഐടി അധ്യാപകരെ ചോദ്യം ചെയ്തു

ചെന്നൈ : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ മൂന്ന് അധ്യാപകരെ തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയാണ് ചോദ്യം ചെയ്തത്. ഐഐടി ഗസ്റ്റ് ഹൗസില്‍ വച്ചാണ് അധ്യാപകരെ ചോദ്യം ചെയ്തത്.

സംഭവങ്ങളെക്കുറിച്ച് മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഐഐടി ഡയറക്ടര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ഉണ്ടാകില്ലെന്നും ഐഐടി വ്യക്തമാക്കി.

അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മദ്രാസ് ഐഐടി ഡയറക്ടര്‍ തള്ളി. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തര അന്വേഷണം നടത്താനാവില്ലെന്ന് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി അറിയിച്ചു.

ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നാളെ ചെന്നൈയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നാളെ മുതല്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.

Top