ചെന്നൈ : മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.
ആഭ്യന്തര അന്വേഷണ കമ്മീഷന്‍ പോലും രൂപീകരിക്കാന്‍ ഐഐടി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് നിലപാട്. ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും കാണും. ഫാത്തിമ ജീവനൊടുക്കിയതില്‍ അധ്യാപകരുടെ പങ്ക് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മരണം നടന്ന് ഒരാഴ്ചയായിട്ടും ആഭ്യന്തര അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാതെ ആരോപണ വിധേയരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുകയാണ്.
കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്ന് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞെങ്കിലും അധ്യാപകന്റെ മാനസികപീഡനമാണ് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഫാത്തിമയുടെ ഫോണില്‍ കാരണക്കാരനായ അധ്യാപകന്റെ പേരുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്നും കുടുംബം പരാതി ഉന്നയിച്ചു. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിരാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
ദേശീയ തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ കേസ് ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ആത്മഹത്യാക്കുറിപ്പുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ഒരു വര്‍ഷത്തിനിടെ ചെന്നൈ ഐഐടിയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവം ദേശീയതലത്തിന്‍ വരെ വന്‍വിവാദമായിട്ട് പോലും എന്തെങ്കിലും നടപടിയോ അന്വേഷണമോ ഇതുവരെ ഉണ്ടായിട്ടില്ല.