മലപ്പുറം: തട്ടം വിവാദത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. കെ.അനില്‍ കുമാര്‍ തുടങ്ങിവച്ച തട്ടം വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായാണ് ഫാത്തിമ തഹ്ലിയ രംഗത്ത് വന്നിരിക്കുന്നത്. തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കള്‍ക്ക് കൂടിയാണെന്ന് ഫാത്തിമ തഹ്ലിയ ആരോപിച്ചു.
ഇസ്ലാം മതവിശ്വാസികള്‍ പ്രാകൃതരാണെന്നും ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണെന്നും, മനുഷ്യന്‍ ആവണമെങ്കില്‍ മതം ഉപേക്ഷിക്കണം എന്ന് സിപിഐഎം ഇത്രയും നാള്‍ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫാത്തിമ തഹ്ലിയയുടെ പോസ്റ്റ് തുടങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
ഇസ്ലാം മതവിശ്വാസികള്‍ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യന്‍ ആവണമെങ്കില്‍ മതം ഉപേക്ഷിക്കണം എന്നും സി.പി.എം ഇത്രയും നാള്‍ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് തെളിയിച്ചു പറഞ്ഞിരിക്കുന്നു അവര്‍. തട്ടം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തന നേട്ടമായി ആഘോഷിക്കുന്ന സി.പി.എം എത്ര മാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ് തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കള്‍ക്ക് കൂടിയാണ്. കേരളത്തിലെ ആര്‍.എസ്.എസിന്റെ എ ടീം സി.പി.എം ആണ്. ബി.ജെ.പി കേരളത്തില്‍ ആര്‍.എസ്.എസിന്റെ ബി ടീം മാത്രമാണ്. തട്ടം വിവാദത്തില്‍ അനില്‍ കുമാറിനെ തള്ളി നേരത്തെ കെ.ടി ജലീലും രംഗത്ത് വന്നിരുന്നു.