മലപ്പുറം: ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്‌ലിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം ഫാത്തിമ നടത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വനിതാ കമ്മീഷന് പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികള്‍ക്ക് തഹ്‌ലിയ പിന്തുണ നല്‍കിയിരുന്നു. ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്‌ലി പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.
അതേസമയം, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു.