ഫൗജി; രജിസ്റ്റർ ചെയ്തത് പത്ത് ലക്ഷത്തിലധികം പേര്‍

ന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ എന്ന റെക്കോര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തമാക്കി ഇന്ത്യന്‍ നിര്‍മിത ഷൂട്ടര്‍ ഗെയിം ഫൗജി. പത്ത് ലക്ഷത്തിലധികം പേര്‍ ഫൗജിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ട്വിറ്ററിലൂടെ ഗെയിം ഡെവലപ്പര്‍മാരായ എന്‍കോര്‍ ഗെയിംസ് അറിയിച്ചത്. വരും ദിവസങ്ങളിലും എണ്ണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന് അവകാശവുമായി എത്തിയ ഷൂട്ടര്‍ ഗെയിം ഫൗജിയുടെ രജിസ്‌ട്രേഷൻ നവംബര്‍ 30 മുതലാണ് ആരംഭിച്ചത്. രജിസ്‌ട്രേഷന്‍ തുടങ്ങിയെങ്കിലും ഗെയിം പുറത്തിറക്കുന്ന കൃത്യമായ തീയ്യതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗെയിമിന്റെ ഒരു ട്രെയ്‌ലര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് : ഗാര്‍ഡ്‌സ് എന്നാണ് ഫൗ-ജി എന്ന പേരിന്റെ മുഴുവന്‍ രൂപം. ഒരു ഫസ്റ്റ് പ്ലെയര്‍ ഷൂട്ടര്‍ ഗെയിം ആണിത്. ഫസ്റ്റ് പ്ലെയര്‍ ഷൂട്ടര്‍ ഗെയിം ആണെങ്കിലും പബ്ജിയെ പോലെ ഫൗജി ഒരു ബാറ്റില്‍ റൊയേല്‍ ഗെയിം ആണെന്ന് കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. ഇന്ത്യന്‍ സായുധ സേനകളുടെ ചില സുപ്രധാന പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള സന്ദര്‍ഭങ്ങളാണ് ഫൗജിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കൃത്യമായൊരു തിരക്കഥ അടിസ്ഥാനമാക്കിയാവും ഈ ഗെയിം. എന്നാല്‍ ബാറ്റില്‍ റൊയേല്‍ മോഡ് പിന്നീട് ചേര്‍ക്കാനും സാധ്യതയുണ്ട്. ഒക്ടോബറില്‍ ഗെയിം പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും അത് വൈകിപ്പിക്കുകയായിരുന്നു.

Top