ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്തവാക്യമാണ്. ഇത് മുഖവിലയ്‌ക്കെടുത്തായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥരും നീതിപീഠങ്ങളുമെല്ലാം പ്രവര്‍ത്തിക്കേണ്ടത്.
കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ഫസല്‍ കൊലക്കേസിലെ തുടരന്വേഷണ ആവശ്യം പ്രസക്തമാക്കുന്നതാണ് തൊഴിയൂര്‍ സുനില്‍ വധകേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ്.
ഫസല്‍ വധകേസില്‍ പ്രതിസ്ഥാനത്തുള്ളത് സി.പി.എം നേതാക്കളായതിനാല്‍ അവര്‍ വേട്ടയാടപ്പെടണമെന്ന മാനസികാവസ്ഥ ആര്‍ക്കുണ്ടായാലും നല്ലതല്ല. അത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. ഇവിടെ ബന്ധശത്രുക്കളായ ആര്‍.എസ്.എസിനും എന്‍.ഡി.എഫിനും ഈ കേസില്‍ ഒരേ നിലപാടാണുള്ളത്. അത് സി.പി.എമ്മിനെതിരാണ്. പ്രതിസ്ഥാനത്തുള്ളത് സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായതിനാല്‍ മത്സരിച്ചാണ് ഇരു വിഭാഗവും ചെമ്പടയെ വേട്ടയാടുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ കാര്യങ്ങളെ നോക്കിക്കാണാതെ വസ്തുനിഷ്ടമായി വിലയിരുത്താന്‍ തയ്യാറാവുകയാണ് ഇനിയെങ്കിലുംവേണ്ടത്. അങ്ങിനെ വന്നാല്‍ അത് ഫസല്‍ കേസിലെ നിലവിലെ സംശയങ്ങള്‍ ദുരീകരിക്കാനാണ് വഴിയൊരുക്കുക.
തൃശൂര്‍ തൊഴിയൂര്‍ സ്വദേശിയായ ആര്‍.എസ്.എസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ നേതാവ് മൊയ്‌നുദ്ദീന്‍ ആണ് 25 വര്‍ഷത്തിന് ശേഷമിപ്പോള്‍ പിടിയിലായിരിക്കുന്നത്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കിയാലും അത് എത്രവലുതായാലും മതിയാകുകയില്ല. കാരണം, സമൂഹത്തില്‍ കൊലയാളിപട്ടം ചാര്‍ത്തപ്പെട്ട് ഒറ്റപ്പെട്ടത് അറസ്റ്റിലായവര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടിയാണ്.
നിരപരാധികളായ ഒമ്പതുപേരെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം ഏറ്റെടുപ്പിക്കുകയാണ് അന്ന് തൃശൂര്‍ പൊലീസ് ചെയ്തത്. കേസില്‍ ശിക്ഷയനുഭവിച്ച നിരപരാധികളായ വി ജി ബിജി, ടി എം ബാബുരാജ്, ആര്‍ വി റഫീക് എന്നിവര്‍ ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും വിമുക്തരായിട്ടില്ല.
വി ജി ബിജി, ടി എം ബാബുരാജ്, ആര്‍ വി റഫീക്, ഹരിദാസന്‍, ജയിംസ്, ജയ്‌സണ്‍, ഷമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരെ 11 ദിവസമാണ് സ്റ്റേഷനിലിട്ട് പൊലീസ് തല്ലിച്ചതച്ചത്. ഇതില്‍ ഹരിദാസന്‍ പിന്നീട് ടി ബി പിടിപെട്ട് മരണപ്പെടുകയാണുണ്ടായത്. ഷമീര്‍, സുബ്രഹ്മണ്യന്‍ എന്നിവരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പൊലീസിന്റെ കെട്ടിത്തൂക്കിയുള്ള അടിയിലും ഉരുട്ടലിലും ജയ്‌സന്റെ മസിലുകളെല്ലാം ചുരുങ്ങി ശുഷ്‌കിച്ച അവസ്ഥയിലാണുള്ളത്. അടിയേറ്റ് പലരുടേയും പല്ലുകളും കൊഴിഞ്ഞുപോയിരുന്നു.
മര്‍ദനത്തിന്റെ പരിക്ക് അറിയാതിരിക്കാന്‍ ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നത്. പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീലില്‍ വെറുതെവിട്ട കോടതി പുന:രന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നത്.
തൃശൂര്‍ തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധത്തിലും മതിലകം സന്തോഷ് വധത്തിലും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് സുനില്‍ വധത്തിന് പിന്നിലെന്ന സൂചന ലഭിച്ചതും കോടതി നിലപാടിനെ സ്വാധീനിച്ച പ്രധാന ഘടകമായിരുന്നു. പക്ഷേ എന്നിട്ടും വര്‍ഷങ്ങളോളം തുടരന്വേഷണം ചുവപ്പ് നാടയില്‍തന്നെ കുരുങ്ങി കിടക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റെ ശേഷമാണ് ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതും ഇപ്പോള്‍ മുഖ്യ പ്രതിയെ പിടികൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതും. അവശേഷിക്കുന്ന പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.
വിശ്വസിച്ച പ്രസ്ഥാനം കൈവിടാതെ ഒപ്പം നിന്നത് കൊണ്ടു മാത്രമാണ് ഇപ്പോഴെങ്കിലും തൊഴിയൂരിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ നീതി കിട്ടിയിരിക്കുന്നത്.
തലശ്ശേരി ഫസല്‍ വധകേസിലെ തുടരന്വേഷണ ആവശ്യം പ്രസക്തമാക്കുന്നതാണ് ഈ സംഭവം. ഫസല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ തന്നെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് ഏത് കേസിലും പുതിയ തെളിവുകള്‍ ലഭിച്ചാല്‍ തുടരന്വേഷണം ആവശ്യപ്പെടാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണുള്ളത്. ഫസല്‍ കേസില്‍ തുടരന്വേഷണത്തിന് എതിരായ നിലപാടാണ് സി.ബി.ഐ തുടക്കംമുതല്‍ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ സി.ബി.ഐ കോടതി തുടരന്വേഷണ ആവശ്യം തള്ളിയതും ഈ നിലപാട് പരിഗണിച്ചായിരുന്നു.
ഫസല്‍ വധക്കേസിലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആര്‍.എസ്.എസുകാരനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണ് തുടരന്വേഷണ ഹര്‍ജിക്ക് വഴി ഒരുക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഈ മൊഴി സുബീഷ് തന്നെ നിഷേധിക്കുന്ന സാഹചര്യവുമുണ്ടായി. സംഘ പരിവാര്‍ സമര്‍ദ്ദത്തെ തുടര്‍ന്നാണ് മൊഴിമാറ്റല്‍ നടന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്.
തുടരന്വേഷണ ആവശ്യം സി.ബി.ഐ കോടതി തള്ളിയെങ്കിലും ഹൈക്കോടതി പരിഗണിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണിപ്പോള്‍ ഫസലിന്റെ സഹോദരന്‍ മുന്നോട്ട് പോകുന്നത്. ഉടന്‍ തന്നെ ഹൈക്കോടതിയുടെ പരിഗണനക്ക് ഈ ഹര്‍ജിവരുമെന്നാണ് സൂചന.
തൊഴിയൂര്‍ സുനില്‍ വധകേസില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം യഥാര്‍ത്ഥ പ്രതിയെ പിടിച്ച സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും ഹര്‍ജിക്കാരന്‍ നിലവില്‍ തീരുമാനിച്ചിട്ടുണ്ട്. സി.ബി.ഐ എതിര്‍ത്താല്‍പോലും ഹൈക്കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ പുനരന്വേഷണത്തിന് ഉത്തരവിടാനുള്ള സാധ്യതയേറെയാണ്.
2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെട്ടിരുന്നത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെ എട്ടു പ്രതികളാണ് ഇപ്പോഴും നിയമ നടപടി നേരിട്ടു കൊണ്ടിരിക്കുന്നത്. ഒന്നര വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് അവര്‍ക്ക് ജാമ്യം പോലും ലഭിച്ചിരുന്നത്. അതും എറണാകുളം ജില്ല വിട്ടു പോകരുതെന്ന കര്‍ശന ഉപാധികളോടെമാത്രമായിരുന്നു.
എട്ടുവര്‍ഷമായി കാരായി സഖാക്കള്‍ നീതി നിഷേധത്തിന്റെ തടവറയിലാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ തുടരന്വേഷണം അനിവാര്യമാണെന്നതാണ് പാര്‍ട്ടിയുടെയും നിലപാട്.
സി.ബി.ഐക്ക് മറ്റൊരു താല്‍പ്പര്യവും ഇല്ലങ്കില്‍ ഇനിയെങ്കിലും തുടരന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് സീകരിക്കാതിരിക്കുകയാണ് വേണ്ടത്. കാരണം യഥാര്‍ത്ഥ കുറ്റവാളികളാണ് ശിക്ഷിക്കപ്പെടേണ്ടത്. കാരായിമാര്‍ കുറ്റവാളികളാണെന്ന് തുടരന്വേഷണത്തിലും തെളിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ അത് നടക്കട്ടെ എന്ന സമീപനമാണ് സി.ബി.ഐ സ്വീകരിക്കേണ്ടത്. അതല്ലങ്കില്‍ തുടരന്വേഷണ ഹര്‍ജിയെ എതിര്‍ക്കുന്നതിനെ സംശയത്തോടെയേ വീക്ഷിക്കാന്‍ കഴിയൂ. ഫസല്‍ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിലസുന്നുണ്ടെങ്കില്‍ അത് സമൂഹത്തിന് തന്നെ ഏറെ അപകടകരമാണ്. ഇക്കാര്യം സി.ബി.ഐ ഉദ്യോഗസ്ഥരും ഓര്‍ക്കുന്നത് നല്ലതാണ്.
Express view