മലപ്പുറം: സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മോഹന്‍ലാല്‍ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും, മോഹന്‍ലാല്‍ മലയാള സിനിമയിലെ ബഫൂണാണെന്നും ഫസല്‍ ഗഫൂര്‍ കുറ്റപ്പെടുത്തി. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചില വിദ്യാര്‍ത്ഥികള്‍ പോകുന്നതുപോലെയാണ് മോഹന്‍ലാല്‍ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ലെന്നും പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അപ്പം ചുടുന്ന പോലെയാണ് അയാളുടെ സിനിമകള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഒരു പടം തീര്‍ത്ത് അടുത്തത് ആരംഭിക്കുകയാണ്. എന്നാല്‍ സിനിമകളുടെ കഥയോ, സ്‌ക്രിപ്റ്റോ ഒന്നും അയാള്‍ക്ക് അറിയില്ലെന്നും ഗഫൂര്‍ പരാമര്‍ശിച്ചു. മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ച വിഷയത്തില്‍ മുഖ്യമന്ത്രി അടക്കം ഇടപെട്ടു. എന്നാല്‍ എന്താണ് ഇതിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടപ്പെടുമെന്നോര്‍ത്താണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള പലകാര്യങ്ങള്‍ കൊണ്ട് മലയാള സിനിമ ഇന്‍ഡസ്ട്രിയെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് നശിപ്പിച്ചു എന്നും ഗഫൂര്‍ ആരോപിച്ചു.
ഒരു സിനിമ പുറത്തിറങ്ങുന്നതില്‍ എന്തിനാണ് ഇങ്ങനെയുള്ള പ്രതികരണങ്ങള്‍. ഒടിടി റിലീസില്‍ നികുതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളിലെത്തും. സിനിമാ മേഖല നശിച്ചുകഴിഞ്ഞാല്‍ അവര്‍ നികുതി കുറയ്ക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.