ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ വൈമാനികനെ നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എഫ് 16 വിമാനം പറത്തിയ പാക്ക് പൈലറ്റിനെയാണ് ഇന്ത്യക്കാരനെന്ന് കരുതി പാക്ക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എഫ് 16 വിമാനം പറത്തവെ മിസൈലേറ്റ് ഇദ്ദേഹത്തിന്റെ വിമാനം തകര്‍ന്നു. പാക്ക് അധീന കശ്മീരിലെ ലാം വാലിയിലാ മേഖലയില്‍ പാരാച്ചൂട്ടില്‍ നിലത്തിറങ്ങിയ ഷഹാസിനെ നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദിച്ചത് പാക്ക് സൈനികനെയാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു. രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക്ക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച പൈലറ്റ് ഷഹാസ് ആയിരിക്കാമെന്നാണ് സൂചന.
പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് പറത്തിയ എഫ് 16 യുദ്ധവിമാനത്തെ വീഴ്ത്തിയതെന്നാണു റിപ്പോര്‍ട്ട്. സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇരുവരും വന്നത്. രണ്ടു പേരും എയര്‍ മാര്‍ഷല്‍മാരുടെ മക്കള്‍. എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍ വര്‍മാന്‍. പാക് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മകനാണ് ഷഹാസ്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം സ്വന്തം വൈമാനികന്‍ മര്‍ദനമേറ്റു മരിച്ച വിവരം പാക്കിസ്ഥാന്‍ മറച്ചുവച്ചെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആരോപിച്ചു. ഷഹാസ് പറത്തിയ പാക്ക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു.