ട്രംപിന്റെ റഷ്യന്‍ ബന്ധം എഫ്ബിഐ അന്വേഷണം നടത്തി: ന്യൂയോര്‍ക്ക് ടൈംസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് റഷ്യയ്ക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എഫ്ബിഐ അന്വേഷണം നടത്തിയതായി ന്യൂയോര്‍ക്ക് ടൈംസ്. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ ട്രംപ് തള്ളി.

വാര്‍ത്ത തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണെന്നും പത്രം വളരെ അധപതിച്ചു പോയെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എഫ്ബിഐ ഇത്തരമൊരു അന്വേഷണം നടത്തിയതിന് തെളിവില്ലെന്നുമായിരുന്നു ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതില്‍ റഷ്യയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമി ഇതില്‍ അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ട്രംപ് കോമിയെ പുറത്താക്കി. ഈ നടപടി ട്രംപ് വീണ്ടും സംശയത്തിന്റെ നിഴലിലാവാന്‍ കാരണമായി.ഇതിന് പിന്നാലെ ട്രംപിന് രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി റഷ്യയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്താനായി അന്വേഷണം ആരംഭിച്ചുവെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ എഫ്ബിഐയ്ക്ക് ഇത്തരത്തിലൊരു അന്വേഷണം നടത്തണ്ട കാര്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. ട്രംപ് റഷ്യ ബന്ധത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അസംബദ്ധമാണെന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രതികരിച്ചത്.

Top