ക്വാറന്റീന്‍ ലംഘിച്ച് ടൂത്ത്‌പേസ്റ്റ് വാങ്ങാന്‍ പുറത്തിറങ്ങി; ഓഗ്‌സ്ബര്‍ഗ് കോച്ചിന് വിലക്ക്‌

ബര്‍ലിന്‍: നാളെ ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ വീണ്ടും പന്തുരുളാന്‍ തുടങ്ങുകയാണ്. എന്നാല്‍ ശനിയാഴ്ച വോള്‍ഫ്‌സ്ബര്‍ഗിനെതിരെ ഓഗ്‌സ്ബര്‍ഗ് എഫ്.സി കളത്തിലിറങ്ങുമ്പോള്‍ ടീം കോച്ചായി അടുത്തിടെ നിയമിതനായ മാനേജര്‍ ഹെയ്‌കോ ഹെര്‍ലിച്ചിലിന് കന്നി മത്സരം നഷ്ടമാകാനുള്ള കാരണമാണ് ഇപ്പോള്‍ രസകരം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ ലംഘിച്ച് ടൂത്ത്‌പേസ്റ്റ് വാങ്ങാന്‍ പുറത്തിറങ്ങിയതാണ് അദ്ദേഹത്തെ അധികൃതര്‍ വിലക്കിയത്. കോവിഡ് പരിശോധന ഫലം രണ്ടുവട്ടം നെഗറ്റീവായാല്‍ മാത്രമേ ഇനി ഹെര്‍ലിച്ചിന് പരിശീലകക്കുപ്പായമണിയാനാകു. നിയമം ലംഘിച്ച് താന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി സൂപ്പര്‍ മാര്‍ക്കറ്റില്‍ ടൂത്ത്‌പേസ്റ്റും സ്‌കിന്‍ ക്രീമും വാങ്ങാന്‍ പോയ കാര്യം അദ്ദേഹം തുറന്നുസമ്മതിച്ചു.

നിയമം ലംഘിച്ചതിനെത്തുടര്‍ന്നാണ് ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് അദ്ദേഹത്തെ വെള്ളിയാഴ്ച പരിശീലിപ്പിക്കുന്നതിനും ശനിയാഴ്ച സ്റ്റേഡിയത്തില്‍ കടക്കുന്നതും വിലക്കിയത്.

Top