യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് എഫ്സി ബാഴ്സലോണ

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് എഫ്സി ബാഴ്സലോണ. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നാപ്പൊളിയെ തകര്‍ത്താണ് ബാഴ്സ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. നാല് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബാഴ്സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്നത്.

ആവേശകരമായ രണ്ടാം പകുതിയില്‍ ഇരുടീമുകളില്‍ നിന്നും മുന്നേറ്റങ്ങളും ഗോളവസരങ്ങളും പിറന്നു. അതിനിടെ ബാഴ്സലോണയുടെ മൂന്നാം ഗോള്‍ നേടുന്നതിനുള്ള സുവര്‍ണാവസരം ലാമിന്‍ യമാലിന് നഷ്ടമായി. 80-ാം മിനിറ്റില്‍ മത്യാസ് ഒലിവേര നല്‍കിയ ക്രോസ് ലാമിന്‍ ഹെഡറിലൂടെ കണക്ട് ചെയ്തെങ്കിലും ഗോളായില്ല. എന്നാല്‍ 83-ാം മിനിറ്റില്‍ റോബെര്‍ട്ട് ലെവന്‍ഡോവ്സ്‌കി ബാഴ്സയുടെ മൂന്നാം ഗോള്‍ നേടി. സെര്‍ജി റോബര്‍ട്ടോയുടെ പാസ് കൃത്യമായി ലെവന്‍ഡോവ്സ്‌കി നാപ്പൊളി വലയിലെത്തിക്കുകയായിരുന്നു.

സമനിലയില്‍ കലാശിച്ച ആദ്യ പാദ മത്സരത്തിന് ശേഷം മികച്ച പ്രകടനമാണ് ബാഴ്സ രണ്ടാം പാദത്തില്‍ പുറത്തെടുത്തത്. മത്സരം തുടങ്ങി 17 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകളുടെ വ്യക്തമായ ലീഡെടുക്കാന്‍ ബാഴ്സയ്ക്കായി. 15-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസും 17-ാം മിനിറ്റില്‍ ജാവോ കാന്‍സെലോയും നാപ്പൊളിയുടെ വല കുലുക്കി. 30-ാം മിനിറ്റില്‍ അമിര്‍ റഹ്‌മാനിയിലൂടെ നാപ്പൊളി ഒരു ഗോള്‍ മടക്കി.

Top