ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളിന് എഫ്.സി ഗോവക്ക് വിജയം.
കോറോയാണ് ഗോവയുടെ അക്കൗണ്ട് തുറന്നത്. തൊട്ടപിന്നാലെ ലാന്‍സറോട്ടും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ആധിപത്യം ഗോവയ്ക്കൊപ്പം നിന്നു. 62-ാം മിനിറ്റില്‍ ഒരു ഗോള്‍മടക്കി കാലു ഊച്ചി ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അത് പ്രതീക്ഷ മാത്രമായി അവസാനിച്ചു.
84-ാം മിനിറ്റില്‍ കോറ്റലിന്റെ സെല്‍ഫ് ഗോളിലൂടെ ഗോവയുടെ അക്കൗണ്ടില്‍ മൂന്ന് ഗോള്‍ പിറന്നു. 85-ാം മിനിറ്റില്‍ ആന്‍ഡ്രിയാന്‍ കൊളുങ്കയിലൂടെ ഗോവ നാലാം ഗോളും 88-ാം മിനിറ്റില്‍ മാനുവല്‍ അറാന അഞ്ചാം ഗോളും ഗോവയ്ക്ക് സമ്മാനിച്ചതോടെ സ്വന്തം തട്ടകത്തില്‍ നാണക്കേടോടെ ഡല്‍ഹിക്ക് ബൂട്ടഴിക്കേണ്ടി വന്നു.
ജയത്തോടെ അഞ്ച് മല്‍സരത്തില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റോടെ ഗോവ ഒന്നാം സ്ഥാനത്തേക്കെത്തി. നാലാം തോല്‍വി ഏറ്റുവാങ്ങിയ ഡല്‍ഹി ഒമ്പതാം സ്ഥാനത്താണുള്ളത്.