ഐഎസ്എൽ : ത്രില്ലറിൽ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ

തിലക് മൈതാൻ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ. ഗോള്‍മഴ പെയ്ത മത്സരത്തില്‍ എസ്.സി.ഈസ്റ്റ് ബംഗാളിനെ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവ വിജയം നേടിയത്.

ഗോവയ്ക്ക് വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓര്‍ഗെ ഓര്‍ട്ടിസും ലക്ഷ്യം കണ്ടു. ആന്റോണിയോ പെറോസേവിച്ചിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ആന്റോണിയോ പെറോസേവിച്ച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആമിര്‍ ഡെര്‍വിസേവിച്ചും ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റാണ് ടീമിനുള്ളത്. അഞ്ച് കളികളില്‍ നിന്ന് ഒരു വിജയം പോലും നേടാതെ രണ്ട് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്.

സീസണിലെ ആദ്യ വിജയം മോഹിച്ച് കളിക്കാനിറങ്ങിയ എഫ്.സി ഗോവയും ഈസ്റ്റ് ബംഗാളും തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഗോവയാണ് കൂടുതല്‍ ആക്രമണങ്ങളുമായി കളം നിറഞ്ഞത്. അതിന്റെ ഭാഗമായി മത്സരത്തിന്റെ 14-ാം മിനിട്ടില്‍ തന്നെ ഗോവ ലീഡെടുത്തു.

ആല്‍ബെര്‍ട്ടോ നൊഗുവേരയാണ് ഗോവയ്ക്ക് വേണ്ടി വലകുലുക്കിയത്. ഓര്‍ഗെ ഓര്‍ട്ടിസിന്റെ പാസ് സ്വീകരിച്ച നൊഗുവേര 30 വാര അകലെനിന്ന് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ സുവം സെന്നിനെ മറികടന്ന് വലയില്‍ കയറി. ഇതോടെ ഗോവ 1-0 ന് മുന്നിലെത്തി.

പിന്നാലെ നൊഗുവേര മികച്ച ഒരു ഗോളവസരം സൃഷ്ടിച്ചു. 17-ാം മിനിട്ടില്‍ നൊഗുവേര ബോക്‌സിനകത്തേക്ക് നീട്ടിനല്‍കിയ മനോഹരമായ പാസ് ഓര്‍ട്ടിസ് സ്വീകരിച്ചെങ്കിലും താരത്തിന്റെ ദുര്‍ബലമായ ഷോട്ട് ഈസ്റ്റ് ബംഗാള്‍ പോസ്റ്റിന് വെളിയിലൂടെ ഉരുണ്ടുപോയി.

19-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ മികച്ച പ്രത്യാക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഈസ്റ്റ് ബംഗാളിന്റെ ബികാസ് ജൈറുവിന് ഗോവന്‍ ബോക്‌സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.

എന്നാല്‍ ഗോവയെ ഞെട്ടിച്ചുകൊണ്ട് അത്യുഗ്രന്‍ ഗോളിലൂടെ ആന്റോണിയോ പെറോസേവിച്ച് ഈസ്റ്റ് ബംഗാളിന് സമനില ഗോള്‍ സമ്മാനിച്ചു. 26-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ഗോവന്‍ ബോക്‌സിന് വെളിയില്‍ വെച്ച് റഫറി ഫ്രീകിക്ക് വിളിച്ചു. എന്നാല്‍ കിക്കെടുത്ത പെറോസേവിച്ചിന്റെ ഷോട്ട് ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പക്ഷേ തിരികെ വന്ന പന്ത് അതിവേഗത്തില്‍ സ്വീകരിച്ച പെറോസേവിച്ച് ഗോള്‍വല ലക്ഷ്യമാക്കി ഒരു ബുള്ളറ്റ് ഷോട്ടടിച്ചു.താരത്തിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോവന്‍ പോസ്റ്റിലിടിച്ച് വലയില്‍ കയറി. ഈ ഷോട്ട് നോക്കി നില്‍ക്കാന്‍ മാത്രമേ ഗോവന്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന് സാധിച്ചുള്ളൂ. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി.

സമനില വഴങ്ങിയതോടെ ഗോവ ഉണര്‍ന്നുകളിച്ചു. അതിന്റെ ഫലമായി 31-ാം മിനിട്ടില്‍ ഗോവ പെനാല്‍ട്ടി കിക്ക് നേടിയെടുത്തു. ബോക്‌സിനകത്തുവെച്ച് ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധതാരം സൗരവ് ദാസ് ഫൗള്‍ ചെയ്തതിന്റെ ഫലമായാണ് പെനാല്‍ട്ടി ലഭിച്ചത്. റഫറി ആദ്യം ഫ്രീകിക്കാണ് വിധിച്ചതെങ്കിലും പിന്നീട് അത് പെനാല്‍ട്ടിയാക്കി മാറ്റി. കിക്കെടുത്ത ഓര്‍ഗെ ഓര്‍ട്ടിസിന് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ഗോവയ്ക്ക് ലീഡ് സമ്മാനിച്ചു. സ്‌കോര്‍ 2-1.

എന്നാല്‍ ഈസ്റ്റ് ബംഗാള്‍ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. 37-ാം മിനിട്ടില്‍ സമനില നേടിക്കൊണ്ട് ഈസ്റ്റ് ബംഗാള്‍ മത്സരം ആവേശക്കൊടുമുടിയിലെത്തിച്ചു. 37-ാം മിനിട്ടില്‍ ലഭിച്ച ഫ്രീകിക്ക് അത്ഭുതകരമായി വലയിലെത്തിച്ച് ആമിര്‍ ഡെര്‍വിസേവിച്ച് ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്തു. ഗോള്‍കീപ്പര്‍ ധീരജിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് പന്ത് വലയിലെത്തിയത്. ഇതോടെ സ്‌കോര്‍ 2-2 ആയി. പക്ഷേ ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഗോവ വീണ്ടും മത്സരത്തില്‍ ലീഡെടുത്തു.

44-ാം മിനിട്ടില്‍ ആന്റോണിയോ പെറോസേവിച്ചിന്റെ സെല്‍ഫ് ഗോളാണ് ഗോവയ്ക്ക് തുണയായത്. കോര്‍ണര്‍ കിക്ക് രക്ഷിച്ചെടുക്കുന്നതിനിടെ പെറോസേവിച്ചിന്റെ തുടയില്‍ തട്ടി പന്ത് സ്വന്തം വലയിലെത്തി. ഇതോടെ ഗോവ 3-2 ന് ലീഡെടുത്തു.

രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സമനില ഗോള്‍ നേടാനായി ഈസ്റ്റ് ബംഗാള്‍ സര്‍വം മറന്നു കളിച്ചു. അതിനുള്ള ഫലവും അവര്‍ നേടിയെടുത്തു. സെല്‍ഫ് ഗോള്‍ വഴങ്ങിയതിന് ആന്റോണിയോ പെറോസേവിച്ച് പ്രായശ്ചിത്വം ചെയ്തു. 59-ാം മിനിട്ടില്‍ പെറോസേവിച്ച് ഈസ്റ്റ് ബംഗാളിനായി മൂന്നാം ഗോള്‍ നേടി.

ഗോവന്‍ പ്രതിരോധതതാരം ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. മാര്‍ട്ടിന്‍സിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചിയ പെറോസേവിച്ച് അതിവേഗത്തില്‍ മുന്നേറി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ സ്‌കോര്‍ 3-3 ആയി മാറി. 66-ാം മിനിട്ടില്‍ നൊഗുവേരയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ സെന്‍ തട്ടിയകറ്റി.

68-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ഡാനിയേല്‍ ചുക്വുവിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിനത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 77-ാം മിനിട്ടില്‍ ചുക്വുവിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോവന്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

79-ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിനെ വീണ്ടും പ്രതിരോധത്തിലാക്കി നൊഗുവേര വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണയും ഓര്‍ട്ടിസിന്റെ പാസില്‍ നിന്നാണ് ഗോള്‍പിറന്നത്. ഓര്‍ട്ടിസിന്റെ അളന്നുമുറിച്ച പാസ് സ്വീകരിച്ച നൊഗുവേര അനായാസം പന്ത് വലയിലെത്തിച്ച് ഗോവയ്ക്ക് നാലാം ഗോള്‍ സമ്മാനിച്ചു. ഇതോടെ സ്‌കോര്‍ 4-3 എന്നായി. വൈകാതെ സീസണിലെ ആദ്യ വിജയം ഗോവ സ്വന്തമാക്കി.

Top