ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവയ്ക്ക് വിജയത്തുടക്കം. ഗോവയുടെ ഹോം തട്ടകമായ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഗോവ ലീഗിലേക്കുള്ള വരവറിയിച്ചത്. ഇതോടെ ഐഎസ്എല്ലിലെ തുടക്കക്കാരായ പഞ്ചാബ് എഫ്സി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയമേറ്റുവാങ്ങി.
ഐ ലീഗില്‍ നിന്ന് ഐഎസ്എല്ലിലേക്ക് പുതിയതായി എത്തിയ ക്ലബ്ബാണെങ്കിലും എതിരാളികള്‍ക്ക് മുന്നില്‍ മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാന്‍ പഞ്ചാബ് എഫ്സിക്കായി. എട്ട് ഗോള്‍ ശ്രമങ്ങള്‍ പഞ്ചാബ് നടത്തിയെങ്കിലും ഒരു ഷോട്ട് മാത്രമാണ് ടാര്‍ഗറ്റിലേക്ക് പോയത്. അത് ഗോളായതുമില്ല. മറുവശത്ത് എഫ്സി ഗോവ 18 ഷോട്ടുകളുതിര്‍ത്തെങ്കിലും രണ്ടാം ഗോള്‍ കണ്ടെത്താനായില്ല. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോടും തോല്‍വി വഴങ്ങിയ പഞ്ചാബ് പട്ടികയില്‍ 11-ാം സ്ഥാനത്താണ്. ഒരു മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റുകളുമായി ഏഴാം സ്ഥാനത്താണ് ഗോവ.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ തന്നെ ഗോള്‍ നേടാന്‍ ഗോവയ്ക്ക് സാധിച്ചു. സ്പാനിഷ് സ്ട്രൈക്കര്‍ കാര്‍ലോസ് മാര്‍ട്ടിനസാണ് ഗോവയ്ക്ക് ലീഡ് നേടിക്കൊടുത്തത്. ആദ്യ മിനിറ്റുകളില്‍ നേടിയ ലീഡ് മത്സരത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ ഗോവയ്ക്ക് സാധിച്ചു.