റഷ്യ: യുക്രൈനില്‍ യുദ്ധഭീതി തുടരുന്നതിനിടെ വന്‍നാശം വിതക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണവുമായി റഷ്യ. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു.
ലക്ഷ്യംവച്ച പോലെത്തന്നെ എല്ലാം സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് പരീക്ഷണം. റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതല്‍ കാര്യക്ഷമമാക്കുകയായിരുന്നു മിസൈല്‍ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേര്‍ത്തു.
ബെലാറസിലെ റഷ്യന്‍ സൈനികതാവളത്തില്‍ വച്ചായിരുന്നു മിസൈല്‍ പരീക്ഷണം. ടിയൂ95 ബോംബറുകളും അന്തര്‍വാഹിനികളുമെല്ലാം പരീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റഷ്യ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നത്. ബെലാറസ് പ്രസിഡന്റ് അലെക്‌സാണ്ടര്‍ സുലവാഷെങ്കോയ്‌ക്കൊപ്പമിരുന്ന് ജെറാസിമോവ് പരീക്ഷണദൃശ്യങ്ങള്‍ വീക്ഷിച്ചു.
അതിനിടെ, യുക്രൈനില്‍ അധിനിവേശത്തിനു ശ്രമിച്ചാല്‍ അഭൂതപൂര്‍വമായ സാമ്പത്തിക ഉപരോധമടക്കം നേരിടേണ്ടിവരുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ആക്രമണമുണ്ടായാല്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് തങ്ങളുടെ പ്രതികാര നടപടികളുണ്ടാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നറിയിപ്പ് നല്‍കി.
https://twitter.com/Tiktok47951220/status/1495014716150026240?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1495014716150026240%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Famid-ukraine-tensions-russia-launches-hypersonic-cruise-and-nuclear-capable-ballistic-missiles-in-exercises-168830
യുക്രൈന്‍ കീഴടക്കാന്‍ റഷ്യ തീരുമാനമെടുത്തുകഴിഞ്ഞിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെളിപ്പെടുത്തി. യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കത്തിലാണെന്നും ബൈഡന്‍ പറഞ്ഞു. ഏതു സാഹചര്യം നേരിടാനും ഒരുക്കമാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ഇതിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.