ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പതിനായിരക്കണക്കിന് കര്‍ഷകരെ തെരുവിലിറക്കി ബി.ജെ.പി സര്‍ക്കാറിനെ വിറപ്പിച്ച സി.പി.എം കര്‍ഷക സംഘടനയെ പേടിച്ച് തിരുത്തല്‍ നടപടിക്കൊരുങ്ങി മോദി സര്‍ക്കാര്‍.
കൃഷിച്ചെലവിന്റെ ഒന്നര മടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കുമെന്ന മന്‍ കി ബാത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഇതു സംബന്ധമായ പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ വേതനം, യന്ത്രങ്ങളുടേയും വയലില്‍ പണിയെടുപ്പിക്കുന്ന മൃഗങ്ങളുടേയും ചെലവ്, വിത്തിന്റെ ചെലവ്, വളം, ജലസേചനം, ഭൂനികുതി, മൂലധനത്തിന്റെ പലിശ, പാട്ടത്തിനെടുക്കുന്ന വയലിന്റെ പാട്ടം, കൃഷിക്കാരനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പണിയെടുത്താല്‍ അവര്‍ക്കു ലഭിക്കേണ്ട വേതനം ഉള്‍പ്പെടെ കൃഷിച്ചെലവായി പരിഗണിക്കും. കൃഷിക്കാര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാര്‍ഷിക വിപണന പരിഷ്‌കാരങ്ങള്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഗ്രാമീണ ചന്തകളെ മൊത്തവിപണന കേന്ദ്രങ്ങളുമായും ആഗോള വിപണിയുമായും ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ അറിയിച്ചു.
കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി അവരെ സംഘടിപ്പിച്ച് സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും വലിയ മുന്നേറ്റം ചെമ്പടയ്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പി ദേശീയ നേതൃത്വത്തെയും ഞെട്ടിച്ച് കളഞ്ഞത്.
മഹാരാഷ്ട്രയില്‍ നാസിക്കില്‍ നിന്നും 200 കിലോമീറ്ററോളം ചോര പൊടിയുന്ന കാലുമായി ചെങ്കൊടികളുമായി നീങ്ങിയ കര്‍ഷകര്‍ രാജ്യത്തിന്റെ മന:സാക്ഷിയെ തന്നെ പിടിച്ചുലച്ചിരുന്നു.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകളുടെ ഐതിഹാസിക മുന്നേറ്റമായാണ് ബി.ബി.സി, വാഷിങ്ങ് ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ പോലും കര്‍ഷക സമരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അന്നം തരുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി റോഡരുകില്‍ സ്ത്രീകള്‍ അടക്കമുള്ള നഗരവാസികള്‍ നിരന്നതും വേറിട്ട കാഴ്ചകള്‍ ആയിരുന്നു.
ആവശ്യങ്ങള്‍ നേടിയെടുക്കാതെ പിരിഞ്ഞ് പോകില്ലന്ന് ശഠിച്ച് മുംബൈയില്‍ തമ്പടിച്ച ഒരുലക്ഷത്തോളം കര്‍ഷകര്‍ നിയമസഭ വളയുന്നതിനു മുന്‍പ് തന്നെ അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ തലയൂരിയത്.
മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചതോടെ യു.പിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലുമെല്ലാം സമാന രീതിയിലുള്ള സമരം കിസാന്‍ സഭ പ്രഖ്യാപിച്ചത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ഈ സംസ്ഥാനങ്ങളിലെല്ലാം ഭരണം നടത്തുന്നത് ബി.ജെ.പി ആയതിനാല്‍ കര്‍ഷകര്‍ കൈവിട്ടാല്‍ വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ ‘പണി’ പാളുമെന്നതിനാല്‍ ‘തിരുത്തല്‍’ നടപടി സ്വീകരിക്കാര്‍ നേതൃത്വം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് കര്‍ഷകരെ ‘തണുപ്പിക്കാന്‍’ പ്രധാനമന്ത്രി തന്നെ പുതിയ പ്രഖ്യാപനങ്ങളുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
എന്നാല്‍ കര്‍ഷകര്‍ക്കുള്ള അവകാശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാകും വരെ തങ്ങള്‍ സമരം തുടരുക തന്നെ ചെയ്യുമെന്നാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ നേതാക്കള്‍ വ്യക്തമാക്കുന്നത്.
ത്രിപുരയില്‍ വിജയം നേടിയതോടെ കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങി എന്ന് വീരവാദം മുഴക്കിയവര്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ ചെങ്കൊടിയേന്തി കര്‍ഷകര്‍ നടത്തുന്ന സമരത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണെന്നാണ് സി.പി.എം പരിഹസിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം പോലും ചെങ്കൊടി പേടിയില്‍ നിന്നും ഉണ്ടായതാണെന്നും പാര്‍ട്ടി നേതൃത്യം തുറന്നടിച്ചു. രാഷ്ട്രീയപരമായി ഇത് സി.പി.എമ്മിനാണ് നേട്ടമുണ്ടാക്കുകയെന്നാണ് ഇടതുചിന്തകരും ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം ശൂന്യതയില്‍ നിന്നും പതിനായിരങ്ങളെ തെരുവിലിറക്കന്ന കമ്യൂണിസ്റ്റുകളെ കണ്ടു പഠിക്കണമെന്ന ഉപദേശം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
‘കമ്യൂണിസ്റ്റുകള്‍ വിതച്ചത് കൊയ്യാമെന്ന മോഹത്താല്‍ നില്‍ക്കുന്നത് പുതിയ കാലത്ത് അപകടമാണെന്നും, അവര്‍ വിതച്ചത് അവര്‍ തന്നെ കൊയ്യുന്ന സാഹചര്യമാണ് ഇനിയുണ്ടാവുക’ എന്നുമാണ് രാഹുലിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ നേതാക്കളുടെ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍