ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനി ഫെഡ്ബാങ്ക് ഓഹരി വിപണിയിലേക്ക്

ഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നും കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഫെഡറല്‍ ബാങ്കിന്റെ ഉപകമ്ബനിയും ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു.

ഫെഡറല്‍ ബാങ്ക് മുഖ്യ സംരംഭകരായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് അഥവാ ഫെഡ്ഫിന ആണ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെബിയുടെ മുമ്ബാകെ അപേക്ഷ സമര്‍പ്പിച്ചത്. ഇതുപ്രകാരം, പുതിയതായി 900 കോടി രൂപയുടെ ഓഹരികള്‍ പുറത്തിറക്കുകയും ഓഫര്‍ ഫോര്‍ സെയില്‍ മുഖേന 4.57 കോടി ഓഹരികള്‍ നിലവിലെ സംരംഭകരും നിക്ഷേപകരും കൈമാറ്റം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

ഒഎഫ്എസ് മുഖേന കൈമാറ്റം ചെയ്യുന്ന ഓഹരികളില്‍ ഫെഡറല്‍ ബാങ്കിന്റെ കൈവശമുള്ള 1.64 കോടി ഓഹരികളും പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്ത് ഫണ്ട് വിഐ എല്‍എല്‍പിയുടെ 2.92 കോടി ഓഹരികളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ ഫെഡറല്‍ ബാങ്കിന് ഫെഡ്ഫിനയുടെ 73.31 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. ഒഎഫ്എസ് വഴി ഓഹരി കൈമാറ്റം ചെയ്തതിനു ശേഷവും ഫെഡറല്‍ ബാങ്കിന് ഫെഡ്ഫിനയുടെ 51 ശതമാനം വിഹിതവും നിലനിര്‍ത്തനാകും. ഐസിഐസിഐ സെക്യൂരിറ്റീസ്, ഇക്വിറസ് കാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.

Top