വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കടുത്തഭീഷണിയായി ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് പലിശനിരക്ക് ഉയര്‍ത്തിയത്.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിരുന്ന സാമ്പത്തിക ഉത്തേജക നടപടികള്‍ പടിപടിയായി പിന്‍വലിക്കാനും തീരുമാനിച്ചു. പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും തീരുമാനത്തെ പിന്തുണച്ചു.
നിലവില്‍ 00.25 ശതമാനമാണ് പലിശനിരക്ക്. ഇത് 0.250.5 ശതമാനമായാണ് ഉയരുക. ചൈന ഉള്‍പ്പെടെ ലോകത്തെ മറ്റു സമ്പദ്വ്യവസ്ഥകള്‍ തളര്‍ച്ച നേരിടുമ്പോഴും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടെന്ന വിലയിരുത്തലിലാണ് പലിശനിരക്ക് ഉയര്‍ത്താനും സാമ്പത്തിക ഉത്തേജകനടപടി ക്രമേണ പിന്‍വലിക്കാനും തീരുമാനിച്ചത്
പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഡോളറിന് ആവശ്യംകൂടുന്നത് രൂപയെ ദുര്‍ബലമാക്കും.
ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളും അമേരിക്കന്‍ ഫെഡ് റിസര്‍വ് പ്രഖ്യാപനത്തില്‍ ആശങ്കയിലാണ്.