വാഷിംഗ്ടൺ : ജീവകാരുണ്യ സംഘടന ക്ലിന്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്താനൊരുങ്ങി ഡൊണാൾഡ് ട്രംപ് ഭരണകൂടം. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും പത്നി ഹില്ലരി ക്ലിന്റണും നേതൃത്വം നൽകുന്ന സംഘടനയാണ് ഇത്.
ക്ലിന്റൺ ഫൗണ്ടേഷന്റെ പണമിടപാടുകളെ കുറിച്ച് യുഎസ് നീതിന്യായ വകുപ്പ് അന്വേഷണം നടത്തും. പണമിടപാടുകളിൽ അഴിമതിയുണ്ടോയെന്ന് അറ്റോർണി ജനറലും എഫ്ബിഐയും അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ക്ലിന്റൺ ഫൗണ്ടേഷനെതിരായ ഈ അന്വേഷണത്തെ വഞ്ചനയെന്ന് ഹില്ലരിയുടെ വക്താവ് വിശേഷിപ്പിച്ചു. ട്രംപിന്റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് അറ്റോർണി ജനറൽ ജെഫ് സെഷൻസെന്ന് അദ്ദേഹം കൂട്ടുചേർത്തു.
ക്ലിന്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് മാസങ്ങളായി എഫ്ബിഐ അന്വേഷണം നടത്തി വരികയായിരുന്നു. അർക്കൻസാസ് സംസ്ഥാന തലസ്ഥാനമായ ലിറ്റിൽ റോക്കിൽ നിന്നുള്ള എഫ്ബിഐ എജന്റുമാരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നത്.