ജോലിക്കിടെ കുഞ്ഞിന് മുലയൂട്ടിയ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ മേലുദ്ധ്യോഗസ്ഥര്‍

ജോലി സമയത്ത് പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ആക്ഷേപങ്ങൾ ഉയർത്തി മേലുദ്യോഗസ്ഥർ. കംബോഡിയയിലാണ് സംഭവം. സിതോങ്ങ് സോഖ എന്ന പൊലീസ് ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമിൽ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.ചിത്രം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയതോടെ കംബോഡിയയിലെ സ്ത്രീകളുടെയും പൊലീസ് സേനയുടെ തന്നെയും അഭിമാനത്തിന് ക്ഷതമേറ്റു എന്നായിരുന്നു മേലുദ്യോഗസ്ഥരുടെ പ്രതികരണം. അതിനാൽ സോഖ മാപ്പുപറയണമെന്നും  മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനു പുറമേ ഇത്തരം പെരുമാറ്റങ്ങൾ മേലിൽ ആവർത്തിക്കില്ല എന്ന കരാറിലും സോഖയെ കൊണ്ട് ഒപ്പുവയ്പ്പിക്കുകയും ചെയ്തു.

ഇതോടെ സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ  പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജോലിസ്ഥലത്ത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ശിശു പരിപാലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും മുലയൂട്ടാൻ വേതനത്തോടെ ഇടവേളകൾ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പൗര സംഘടനകൾ പ്രതികരിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിപരീതമായി സ്ത്രീകൾക്കെതിരെ നടക്കുന്ന വിവേചനങ്ങളിൽ നടപടികൾ എടുക്കാത്തതിന് കംബോഡിയയിലെ വനിതാ കാര്യമന്ത്രാലയം മുൻപ് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഈ സംഭവത്തിൽ സോഖയ്ക്ക്  അനുകൂലമായ നിലപാടാണ് വനിതാ കാര്യ മന്ത്രാലയം കൈകൊണ്ടത്.

സോഖയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട്  മന്ത്രാലയത്തിന്റെ തുറന്ന കത്തും പുറത്തുവന്നിരുന്നു. എന്നാൽ ആ കത്തിലും പൊതു ഇടത്തിൽ മുലയൂട്ടുന്നത് രാജ്യത്തെ വനിതകളുടെ അന്തസ്സിനെ ബാധിക്കുമെന്ന പരാമർശം ഉണ്ടായത് വിമർശനത്തിന് വഴിയൊരുക്കി. അതേസമയം സോഖയ്ക്ക് എതിരെ നടപടിയെടുത്ത മേലുദ്യോഗസ്ഥനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട്  ആഭ്യന്തരകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഷൗ ബെന്നും കത്തയച്ചിരുന്നു. ഇത്തരം ഒരു നടപടി എടുത്തതിൽ അങ്ങേയറ്റം നിരാശയുള്ളതായി കത്തിൽ പറയുന്നു. സോഖയുടെ ചിത്രങ്ങൾ ശരീരപ്രദർശനം എന്ന നിലയിൽ കാണാനാവില്ല. വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മക്കളെ പരിപാലിക്കാനുള അവസരം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും അവർ കത്തിൽ വ്യക്തമാക്കി.

വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ  പൊലീസ് സേനയും ന്യായീകരണങ്ങളുമായി എത്തിയിരുന്നു. ജോലിസമയത്ത് തൻറെ ചിത്രം പങ്കുവെച്ചതിനു മാത്രമാണ്   സോഖക്കെതിരെയുള്ള നടപടി എന്നായിരുന്നു വിശദീകരണം.   മുലയൂട്ടുന്ന അമ്മമാർക്ക്  തൊഴിൽ സമയത്ത്  ദിവസവും  ഒരു മണിക്കൂർ കുഞ്ഞിനൊപ്പം ചിലവിടാൻ കംബോഡിയയിലെ നിയമം അനുവദിക്കുന്നുണ്ട് എന്ന് ജെൻഡർ ആൻഡ് ഡെവലപ്മെൻറ് വിഭാഗത്തിൻറെ തലവനായ റോസ് സൊപ്ഹീപ് അറിയിച്ചു. ഒരു വർഷത്തേക്കാണ് ഈ ഇളവ് നൽകുന്നത്. എന്നാൽ ഈ നിയമം കൃത്യമായി നടപ്പാക്കാത്തതിനാൽ  മേലുദ്യോഗസ്ഥർ പലരും വനിതകൾക്ക്  കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള അവസരം നിഷേധിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. വനിതകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയതിനെ തുടർന്ന് കംബോഡിയ ഭരണകൂടത്തിനെതിരെ 2020 മുതൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Top