സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്‌കെ ഇന്ന് യോഗം ചേരും. രാവിലെ കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ യോഗം ചേരും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ചേര്‍ന്നുള്ള യോഗത്തില്‍ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
സിനിമ റിവ്യൂമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെയും, സര്‍ക്കാരിന്റെയും ഇടപെടല്‍ ഫെഫ്ക സ്വാഗതം ചെയ്തിരുന്നു. റിവ്യൂ ബോംബിങ്ങിനെതിരെ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. സിനിമ റിവ്യൂ ബോംബിങ് പശ്ചാത്തലത്തില്‍ സിനിമ പ്രമോഷന് ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. സിനിമ പി.ആര്‍.ഒമാര്‍ക്ക് അടക്കം അക്രഡിറ്റേഷന്‍ കൊണ്ടുവരാനാണ് ആലോചന.
റിവ്യൂ എന്ന പേരില്‍ തീയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു. തോന്നിയത് പോലെ റിവ്യു നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.