കൊച്ചി : കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന അംഗങ്ങള്‍ക്ക് 5000 രൂപ വീതം വിതരണം ചെയ്ത് ഫെഫ്ക.
സഹായം നല്‍കാനായി ഫെഫ്ക ആവിഷ്‌കരിച്ച ‘കരുതല്‍ നിധി’എന്ന പദ്ധതിയിലൂടെ ഏപ്രില്‍ മാസത്തില്‍ ഈ തുക വിതരണം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ അറിയിച്ചു. ഈ പദ്ധതിപ്രകാരം 2700 ചലച്ചിത്ര തൊഴിലാളികള്‍ക്കാണ്, 5000 രൂപ വീതം ധനസഹായം ലഭിച്ചത്.
ഈ ബൃഹത്ത് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കിയ കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ കല്യാണരാമനും അദ്ദേഹം നന്ദി അറിയിച്ചു .
അമിതാഭ് ബച്ചന്റേയും കല്യാണ്‍ ജ്വല്ലേഴ്‌സിന്റെയും സോണിയുടേയും സഹായത്തോടെ ഇന്ത്യയിലെ ദിവസവേതനക്കാരായ ഒരു ലക്ഷത്തോളം ചലച്ചിത്ര തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം അഖിലേന്ത്യാ തലത്തില്‍ വണ്‍ ഇന്ത്യ എന്ന പദ്ധതി വികസിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ക്കെല്ലാം 1500 രൂപ മൂല്യമുള്ള പര്‍ച്ചെയ്‌സ് കൂപ്പണുകള്‍ ഇതിനകം എത്തിച്ച് കൊടുക്കുവാനായി എന്നും ആള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു .
ബ്രെക്ക് ദ ചെയ്ന്‍ ക്യാംപെയ്‌നിന്റെ ഭാഗമായി ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തി ഫെഫ്ക നിര്‍മ്മിച്ച 9 ബോധവല്‍ക്കരണ ചിത്രങ്ങള്‍ പൊതുസമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. എറണാകുളം , തിരുവനന്തപുരം ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കൊടുക്കുന്ന ഫെഫ്കയുടെ ‘ അന്നം പദ്ധതി ‘ ഇപ്പോഴും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സിനിമയിലെ മെസ്സ് , തൊഴിലാളികള്‍ ഉണ്ടാക്കുന്ന ഭക്ഷണം , ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് , പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാര്‍ വിതരണം ചെയ്യുന്ന വിധത്തിലാണ് അതിന്റെ നടത്തിപ്പ് ആസൂത്രണം ചെയ്തതും ഇപ്പോള്‍ വിജയകരമായി തുടര്‍ന്നുവരുന്നതും. ഫെഫ്ക കോസ്റ്റ്യം യൂണിയന്‍ നിര്‍മ്മിച്ച ആയിരക്കണക്കിന് മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തു .
ഫെഫ്കയിലെ അംഗങ്ങളായ ഡ്രൈവര്‍മാരും അവരോടിക്കുന്ന വാഹനങ്ങളും സര്‍ക്കാരിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചത് ചലച്ചിത്ര മേഖലയിലെ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമായ ഡ്രൈവര്‍മാര്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും ചരിത്രപരമായ ഒരു അടയാളപ്പെടുത്തലുമായിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്കുള്ള പെന്‍ഷന്‍ , സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ , കുട്ടികള്‍ക്കുള്ള വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ , പേഴ്‌സണല്‍ ലോണുകള്‍ , ചികിത്സാ സഹായങ്ങള്‍ , അംഗങ്ങളുടെ കുടുംബത്തിന് നല്‍കുന്ന മരണാനന്തര ധനസഹായം തുടങ്ങി ധാരാളം ക്ഷേമ പദ്ധതികള്‍ ഫെഫ്കയുടെ വിവിധ യൂണിയനുകള്‍ അംഗങ്ങള്‍ക്കായി നടപ്പിലാക്കി വരുന്നുണ്ട് .