കോംഗോ പ്രസിഡന്റായി ഫെലിക്സ് ഷിസേകേദി അധികാരമേറ്റു

ജോഹന്നാസ്ബര്‍ഗ്ഗ്:അനിശ്ചിതത്വങ്ങള്‍ക്കും നിയമയുദ്ധത്തിനും ശേഷം കോംഗോയില്‍ പുതിയ പ്രസിഡന്റായി ഫെലിക്‌സ് ഷിസേകേദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാഴ്ച മുമ്പ് കോംഗോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫെലിക്‌സ് ഷിസേകേദി വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ എതിരാളികള്‍ തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രാജ്യത്തിന്റെ നിയമ പ്രകാരമുള്ള പ്രസിഡന്റ് താനാണെന്നും വാദിച്ച് പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാര്‍ട്ടിന്‍ ഫെയിലു രംഗത്തെത്തി. പിന്നീട് ഭരണഘടനാ കോടതിയാണ് കോംഗോ പ്രസിഡന്റായി ഫെലിക്സ് ഷിസേകേദിയെ നിയമിച്ചത്.

കോംഗോയുടെ പ്രസിഡന്റായിരുന്ന ജോസഫ് കബില 17 വര്‍ഷത്തിലധികമായി അധികാരത്തിലിരിക്കുകയായിരുന്നു. കബില രാജി വയ്ക്കണമെന്നും ഇനി പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി മത്സരിക്കരുതെന്നും ആവശ്യപ്പെട്ട് കോംഗോയില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രക്ഷോഭങ്ങളാണുണ്ടായത്. പല തവണ മാറ്റിവച്ച തെരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസബര്‍ 30നാണ് നടന്നത്. ശാന്തിയും ശക്തിയുമുള്ള പുതിയ കോംഗോയാണ് തന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞക്കു ശേഷമുള്ള പ്രസംഗത്തില്‍ ഫെലിക്‌സ് പറഞ്ഞു.

Top