ക്രിക്കറ്റ് താരങ്ങളുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 2014ല്‍ ഇംഗ്ലണ്ട് പര്യടനം നടക്കുന്ന സമയം തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. നിസ്സഹായനായി, എന്ത് ചെയ്യുമെന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അത്.
‘എന്റെ കരിയറില്‍ അത്തരമൊരു സമയം ഉണ്ടായിരുന്നു. ലോകത്തിന്റെ അവസാനം ആണെന്ന് തോന്നിയ സമയം. എന്ത് ചെയ്യണമെന്നോ, എന്ത് പറയണമെന്നോ, സംസാരിക്കണമെന്നോ ഉറപ്പില്ലാത്ത അവസ്ഥ’, വിരാട് പറഞ്ഞു. 2014ലെ ഇംഗ്ലണ്ട് പര്യടനം വിരാടിന്റെ കരിയറിലെ മോശം കാലഘട്ടമായിരുന്നു. ഒരു അര്‍ദ്ധസെഞ്ചുറി പോലും തികയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല.
‘മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി ചെയ്യുന്നു. ഞങ്ങള്‍ക്കും അതുപോലൊരു ജോലിയുണ്ട്. അതില്‍ ശ്രദ്ധിക്കുന്നു, മറ്റൊരാളുടെ മനസ്സില്‍ എന്താണ് കടന്നുപോകുന്നതെന്ന് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര കരിയറില്‍ ടീമിലെ എല്ലാവരും കൃത്യമായി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. തുറന്ന് സംസാരിക്കാനുള്ള കഴിവ് വേണം. ഗ്ലെന്‍ ചെയ്തത് സുപ്രധാന കാര്യമാണ്’, ക്യാപ്റ്റന്‍ ചൂണ്ടിക്കാണിച്ചു.
ഈ മാസം ആദ്യമാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക് മാഡിന്‍സണ്‍ എന്നിവര്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്രിക്കറ്റില്‍ നിന്നും ഇടവേള എടുത്തിരുന്നു. മാക്‌സ്‌വെല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശരിയായ ഉദാഹരണമാണ് കാണിച്ചത്. മനസ്സ് കൃത്യമായ നിയന്ത്രണത്തില്‍ അല്ലെങ്കില്‍ ശ്രമിച്ച് കൊണ്ടേയിരിക്കും, എന്നിരുന്നാലും മനുഷ്യരായതിനാല്‍ ഒരു ഘട്ടമെത്തുമ്പോള്‍ സമയം അനിവാര്യമാകും, വിരാട് വ്യക്തമാക്കി.
ഒരു ഇടവേള എടുത്ത് കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല, അത് പോസിറ്റീവായ കാര്യമാണ്, ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ടീമില്‍ തിരിച്ചെത്തുന്ന വിരാട് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.