‘മാനസികമായി പീഡിപ്പിച്ചു,ചോദ്യം ചെയ്തപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടു’; എസ്ഐക്കെതിരെ വനിത സിപിഒ

കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയോട് എസ്ഐ തട്ടിക്കയറി മുറിയിൽ നിന്ന് ഇറക്കിവിട്ടു. പിന്നാലെ വിശ്രമമുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ എസ്ഐയും സംഘവും വാതിൽ ചവിട്ട് പൊളിച്ച് പുറത്തിറക്കി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.

കഴിഞ്ഞ കുറച്ച് നാളുകളായി തനിക്ക് അവധി നിഷേധിക്കുന്നതും ജോലിയുടെ പേരിലുള്ള മാനസിക പീഡനത്തെക്കുറിച്ചും പരാതി പറയാനാണ് വനിത സിപിഒ പനങ്ങാട് എസ്ഐ ജിൻസ് ഡൊമനിക്കിന്‍റെ മുറിയിൽ കയറിയത്. എന്നാൽ തനിക്ക് ഒന്നും പറയാനില്ലെന്നും പരാതിയുണ്ടെങ്കിൽ മേൽ ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും പറഞ്ഞ് എസ്ഐ വനിത ഉദ്യോഗസ്ഥയോട് പോകാൻ ആവശ്യപ്പെട്ടു. അവധി നിഷേധിച്ചതിന്റെ കാരണം അറിയണമെന്ന് വനിത സിപിഒ ആവശ്യപ്പെട്ടതോടെ എസ്ഐ പൊട്ടിത്തറിക്കുകയും റൂമിൽ നിന്ന് ഇറക്കിവിടുകയും ചെയ്തെന്നാണ് സഹപ്രവർത്തകർ പറയുന്നത്. പിന്നാലെ സ്റ്റേഷനിലെ വനിതകൾക്കുള്ള വിശ്രമമുറിയിൽ കയറി ഉദ്യോഗസ്ഥ വാതിൽ അടച്ചു. സഹപ്രവർത്തകർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്നതോടെ എസ്ഐ അടക്കമെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് ഉദ്യോഗസ്ഥയെ പുറത്തിറക്കി.

സംഭവത്തിൽ മേൽ ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ വനിത സിപിഒ ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ എസ്ഐയ്ക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ആരോപണ വിധേയനായ എസ്ഐയ്ക്കെതിരെ കാര്യമായ പരാതികളൊന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും ഡ്യൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലുണ്ടായ തർക്കമാകാം പ്രശ്നത്തിന് കാരണമെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

Top